ദില്ലി : നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ മരണവാറണ്ട് വൈകുന്നതിനെതിരെ നിര്‍ഭയയുടെ രക്ഷിതാക്കളും തീഹാര്‍ ജയിലധികൃതരുമാണ് കോടതിയെ സമീപിച്ചത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ പ്രതികളിലൊരാളായ പവന്‍ഗുപ്തയുടെ അഭിഭാഷകന്‍ എ.പി സിംഗ് കേസില്‍ നിന്ന് പിന്മാറിയിരുന്നു.
പകരക്കാരനെ കണ്ടെത്തണമെന്ന കോടതി നിര്‍ദ്ദേശം പവന്‍ഗുപ്തയുടെ രക്ഷിതാക്കള്‍ അവഗണിച്ചതിനെ തുടര്‍ന്ന് ദില്ലി ലീഗല്‍ സെല്‍ അതോറിറ്റിയിലെ അഭിഭാഷകന്‍ രവി ഖാസിയെ കോടതി തന്നെ നിയോഗിക്കുകയായിരുന്നു. ഒരാള്‍ക്ക് പോലും നിയമസഹായം ലഭിക്കാതെ പോകരുതെന്നും കോടതി നിരീക്ഷിച്ചു. കേസ് വൈകുന്നതിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കളും വധശിക്ഷക്കെതിരെ കുറ്റവാളികളുടെ ബന്ധുക്കളും നേരത്തെ പട്യാല ഹൗസ് കോടതിക്ക് മുന്‍പില്‍ പ്രതിഷേധിച്ചിരുന്നു.