ന്യൂഡല്‍ഹി : ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി സമിതിയില്‍ കെ.എന്‍ ബാലഗോപാലും. മന്ത്രി കേരളത്തിലെ ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്താമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പാക്കറ്റിലുള്ള അരിയും തൈരുമുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്താന്‍ പ്രതിപക്ഷം ഭരിക്കുന്നതടക്കമുള്ള സംസ്ഥാനങ്ങള്‍ കൈകോര്‍ത്ത് തീരുമാനിച്ച കാര്യമാണെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
നിരക്ക് ഏകീകരണം സംബന്ധിച്ച മന്ത്രിതല സമിതിയുടെ നിര്‍ദ്ദേശങ്ങളെ യോഗത്തില്‍ പങ്കെടുത്ത എല്ലാ സംസ്ഥാന ധനമന്ത്രിമാരും പിന്തുണച്ചുവെന്ന് ധനമന്ത്രി ട്വീറ്റ് ചെയ്തു. കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതിയില്‍ കേരളവും അംഗമായിരുന്നു. കഴിഞ്ഞമാസം ചണ്ഡീഗഢില്‍ ചേര്‍ന്ന 47-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഒരു സംസ്ഥാനവും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കുന്നു. മന്ത്രിതല സമിതിയുടെ നിര്‍ദ്ദേശം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും അംഗീകരിക്കുകയായിരുന്നു.
ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം, തമിഴ്നാട്, പഞ്ചാബ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും അനുകൂല നിലപാടായിരുന്നു അന്ന് സ്വീകരിച്ചിരുന്നത്. ഗോതമ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍, അരി, ചോളം എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കളെയും ചരക്ക് സേവന നികുതിയില്‍ നിന്ന് (ജി.എസ്.ടി) ഒഴിവാക്കിയിട്ടുണ്ടെന്നും ജി.എസ്.ടി കൗണ്‍സില്‍ വ്യക്തമാക്കി. മുന്‍കൂട്ടി പാക്ക് ചെയ്തതും മുന്‍കൂട്ടി ലേബല്‍ ചെയ്തതും ബ്രാന്‍ഡ് ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ക്കുള്ള ജി.എസ്.ടി നിരക്ക് ഉണ്ടാകുന്ന മാറ്റങ്ങളും ധനമന്ത്രി തന്റെ ട്വീറ്റിലൂടെ വിശദീകരിച്ചു.
‘അടുത്തിടെ, ജിഎസ്ടി കൗണ്‍സില്‍ അതിന്റെ 47-ാമത് യോഗത്തില്‍ പയറുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, മൈദ, മുതലായ നിര്‍ദ്ദിഷ്‌ട ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്തുന്നതിനായുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കാന്‍ ശുപാര്‍ശ ചെയ്തു. ഇതിനെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്’, ധനമന്ത്രി ട്വീറ്റ് ചെയ്തു.
ഇതാദ്യമായല്ല ഇത്തരം ഭക്ഷണ സാധനങ്ങള്‍ക്ക് നികുതി ചുമത്തുന്നതെന്ന് അവര്‍ വിശദീകരിച്ചു. ജിഎസ്ടിക്ക് മുമ്പുള്ള ഭരണത്തില്‍ സംസ്ഥാനങ്ങള്‍ ഭക്ഷ്യധാന്യത്തില്‍ നിന്ന് ഗണ്യമായ വരുമാനം നേടിയിരുന്നു. പര്‍ച്ചേസ് ടാക്‌സ് ഇനത്തില്‍ പഞ്ചാബ് മാത്രം 2000 കോടി രൂപയിലധികം ഭക്ഷ്യധാന്യത്തില്‍ നിന്ന് ശേഖരിച്ചു. ഉത്തര്‍പ്രദേശ് 700 കോടി സമാഹരിച്ചുവെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.