ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ മോദിക്കെതിരായ പ്രസ്താവനകളില്‍ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ അദാനിക്ക് അനാവശ്യമായി സഹായം ചെയ്തപ്പോള്‍ രാഹുല്‍ ഗാന്ധി ശബ്ദമുയര്‍ത്താതിരുന്നതിന്റെ കാരണമെന്താണെന്നും അവര്‍ ചോദിച്ചു. സോളാര്‍ പ്ലാന്റിനായി രാജസ്ഥാന്‍ സര്‍ക്കാര്‍ അദാനിക്ക് അനാവശ്യ സൗകര്യം നല്‍കിയപ്പോഴും രാഹുല്‍ പ്രതികരിച്ചില്ല. തളികയില്‍ വെച്ചാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അദാനിക്ക് നല്‍കിയത്. അത് ടെന്‍ഡറിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഇപ്പോള്‍ സി.പി.എം സര്‍ക്കാറും അദാനിക്ക് സഹായം നല്‍കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഇതിനെതിരെ ശബ്ദമുയര്‍ത്താത്തതെന്നും നിര്‍മല സീതാരാമന്‍ ചോദിച്ചു.
അദാനിക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് രാഹുല്‍ പറയുന്നുണ്ടെങ്കില്‍ അത് ശരിയല്ല. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച് നിരന്തരമായി കുറ്റവാളിയായി മാറുകയാണ് രാഹുല്‍ ഗാന്ധി. 2019 തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ നിന്നും ഒരു പാഠവും രാഹുല്‍ ഗാന്ധി പഠിച്ചിട്ടില്ലെന്നും നിര്‍മല കുറ്റപ്പെടുത്തി.