ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർന്ന നിലയിലാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തെ തള്ളിപ്പറയുന്നതും അവഹേളിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് വിചിത്രമാണെന്ന് ജി20 ധനമന്ത്രിമാരുടെ യോഗത്തിനിടെ നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.തുടർച്ചയായി മികച്ച വളർച്ചാ നിരക്ക് കാണിക്കുമ്പോഴും സമ്പദ്‌വ്യവസ്ഥ തകർന്നു എന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ്. ചില മേഖലകളിൽ ഇനിയും മെച്ചപ്പെടാനുണ്ടാകാം എന്നാൽ അത് രാജ്യത്തിന്റെ മൊത്തത്തിലുള്ള മികച്ച വളർച്ചയെ ഇല്ലാതാക്കുന്നില്ല.
രാഷ്ട്രീയ നേട്ടങ്ങൾക്കായി സാമ്പത്തിക രംഗത്തെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് അധികകാലം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു. “ജനാധിപത്യത്തിൽ സർക്കാരിനെയും ഭരണനയങ്ങളെയും ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിന് പൂർണ അവകാശമുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ സർക്കാരിനെ വിമർശിക്കുന്നതിന്റെ പേരിൽ രാജ്യത്തെ ജനങ്ങളുടെ സംഭാവനകളെയും പ്രയത്നത്തെയും തള്ളിപ്പറയരുത്,” നിർമല സീതാരാമൻ വ്യക്തമാക്കി.കോൺഗ്രസ് പാർട്ടിക്കുള്ളിൽ സാമ്പത്തിക വിദഗ്ധർ അടങ്ങിയ ഉപദേശകസമിതിയുണ്ട്.
യാഥാർഥ്യങ്ങൾ നിഷേധിക്കാൻ അവർക്കാവില്ലെന്നും രാഷ്ട്രീയ നേട്ടത്തിന് മാത്രമാണ് ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ പരത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യയിലെ ജനങ്ങളുടെ കഠിനാധ്വാനവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപനവുമാണ് രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി നിലനിർത്തുന്നത്. അനാവശ്യ ഭീതി പരത്തുന്ന പ്രസ്താവനകളിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.































