തിരുവനന്തപുരം : പ്രതീക്ഷിച്ചതു തന്നെ നിയമസഭയില്‍ സംഭവിച്ചു. എഴുതി തയ്യാറാക്കിയ പ്രസംഗം പതിവ് പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വായിച്ചു. മന്ത്രി എ.കെ ശശീന്ദ്രന് ക്രീന്‍ ചിറ്റ്. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തി. ഇതാണോ സ്ത്രി പക്ഷം, ഇങ്ങനെയാണോ സ്ത്രീപക്ഷം, ഇതാണോ സര്‍ക്കാരിന്റെ സ്ത്രീ പക്ഷ ക്യാമ്പയിന്‍… ശശീന്ദ്രനെ ന്യായികരിച്ച മുഖ്യമന്ത്രിയെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരിട്ടു. പിന്നീട് ഇറങ്ങി പോക്കും.
കുണ്ടറയിലെ സ്ത്രീ പീഡനം ഒത്തുതീര്‍ക്കാന്‍ ഇടപെട്ട മന്ത്രി ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തില്‍ ശശീന്ദ്രനെ പൂര്‍ണ്ണമായും ന്യായികരിക്കുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി. പി.സി വിഷ്ണുനാഥാണ് ഈ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. ഇത് സ്പീക്കര്‍ നിഷേധിക്കുകയും ചെയ്തു. മന്ത്രി എ കെ ശശീന്ദ്രനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഇതിനിടെ സഭയ്ക്ക് പുറത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ എ കെ ശശീന്ദ്രനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. നിയമസഭാ കോംപ്ലക്‌സിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജനസംഘടനകളും ഇവിടേക്ക് പ്രതിഷേധവുമായി എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പി.സി.വിഷ്ണുനാഥിന്റെ അടിയന്തിര പ്രമേയ അവതരാണാനുമതിക്ക് മുഖ്യമന്ത്രിയുടെ മറുപടി
അടിയന്തിര പ്രമേയത്തില്‍ സൂചിപ്പിക്കുന്ന പരാതിക്കാരി 28.06.2021ല്‍ കുണ്ടറ പോലീസ് സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങളും പത്മാകരന്‍ എന്നയാളുടെ വോയിസ് ക്ലിപ്പും രാജീവ് എന്നയാളുടെ ഫോണില്‍ നിന്നും NCP കൊല്ലം എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നതായും പരാതിപ്പെട്ടു. മുമ്പ് ഫേസ്‌ബുക്കില്‍ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതിലും അപകീര്‍ത്തിപ്പെടുത്തുന്ന പല സന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. അതോടൊപ്പം മുമ്പൊരിക്കല്‍ റോഡിലൂടെ പോകുമ്പോള്‍ പത്മാകരന്‍ മുക്കട ജംഗ്ഷനിലുള്ള തന്റെ കടയിലേക്കു പരാതിക്കാരിയെ വിളിച്ചു. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് എന്തു കാശ് കിട്ടിയെന്ന് ചോദിച്ചുവെന്നും കാശിനുവേണ്ടിയല്ല ഞാന്‍ നിന്നത് എന്നുപറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തല്‍ കയ്യില്‍ കയറി പിടിച്ചുവെന്ന് പരാതിയില്‍ പറയുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
No.1153/DPTN/2021 പ്രകാരം പരാതി രജിസ്റ്ററില്‍ പതിച്ച് IAPS No.77342/2021 ആയി രസീത് ഈ പരാതിക്ക് പോലീസ് നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരിയെയും പത്മാകരനെയും സ്റ്റേഷനിലേക്ക് പോലീസ് വിളിപ്പിച്ചിരുന്നു. പോലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ പത്മാകരന്‍ 30.06.2021 ല്‍ സ്റ്റേഷനിലെത്തി. പോലീസ് റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരി അന്നേ ദിവസം സ്റ്റേഷനില്‍ ഹാജരായിരുന്നില്ല എന്നും വ്യക്തമാക്കുന്നുണ്ട്. 1.07.2021 ല്‍ സ്റ്റേഷനില്‍ ഹാജരായ പരാതിക്കാരിയോട് പരാതിയില്‍ പറയുന്ന വിഷയങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും വാട്‌സാപ്പിലൂടെ പ്രചരിച്ചതായി പറയുന്ന സന്ദേശങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. പരാതിയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പരാതിക്കാരിയെ ധരിപ്പിച്ചിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
മേല്‍പ്പറഞ്ഞ പരാതിയില്‍ 20.07.2021 ല്‍ IPC 354, 509, 34 എന്നീ വകുപ്പുകള്‍ പ്രകാരം കുണ്ടറ പോലീസ് സ്റ്റേഷനില്‍ ക്രൈം.1176/21 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായി എന്ന പരാതി പോലീസ് മേധാവി അന്വേഷിക്കുന്നതാണ്. പരാതിയുടെ നിജസ്ഥിതി ശരിയായ തലത്തില്‍ അന്വേഷിച്ച് ആവശ്യമായ നടപടി പോലീസ് സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതുമാണ്.
ഇതിലെ പരാതിക്കാരി എന്‍.സി.പി. നേതാവിന്റെ മകളും ആരോപണവിധേയമായിട്ടുള്ളയാള്‍ എന്‍.സി.പി.യുടെ മറ്റൊരു പ്രവര്‍ത്തകനുമാണ് എന്നുമാണ് മനസ്സിലാക്കാനായിട്ടുള്ളത്. ഇവര്‍ തമ്മിലുള്ള തര്‍ക്കം എന്ന നിലയില്‍ എന്‍.സി.പി നേതാവു കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് എന്ന കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.