തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിയമസഭയില്‍. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ റോജി എം.ജോര്‍ജ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിച്ചില്ലെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.
“തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ഉപയോഗിച്ചു എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടും പണത്തിന്റെ സ്രോതസ്സിനെ കുറിച്ചും ബി.ജെ.പി നേതൃത്വത്തിന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കാന്‍ അധികാരപ്പെട്ട കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കാതെ കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഈ ആശങ്ക സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം.” നോട്ടീസില്‍ ആവശ്യപ്പെട്ടു.
കേസില്‍ ബി.ജെ.പിയുമായി ഒത്തു തീര്‍പ്പ് ധാരണയുണ്ടാക്കിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ഒത്തുതീര്‍പ്പുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു. കേസില്‍ പോലീസ് കുറ്റപത്രം നല്‍കുകയും ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കുകയും ചെയ്തിനു ശേഷമാണ് വീണ്ടും പ്രതിപക്ഷം അടിയന്തര പ്രമേയം സഭയില്‍ കൊണ്ടുവരുന്നത്. ബി.ജെ.പി നേതാക്കളെ സംരക്ഷക്കാന്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന ആരോപണം പ്രതിപക്ഷം ഇന്നും ഉന്നയിക്കാനാണ് സാധ്യത.