കോഴിക്കോട് : ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് എം.എല്‍.മാരില്‍ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് സീറ്റുണ്ടാകില്ല. ബാലുശ്ശേരിയില്‍ പുരുഷന് കടലുണ്ടി, തിരുവമ്പാടിയില്‍ ജോര്‍ജ്ജ് എം. തോമസ്, വടകരയില്‍ സി.കെ. നാണു, പേരാമ്പ്രയില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്, നാദാപുരത്ത് ഇ.കെ. വിജയന് തുടങ്ങിയവര്‍ മാറി നിന്നേക്കും. പുതുമുഖങ്ങളും മുമ്പ് തോറ്റവരില്‍ ചിലരും പകരം രംഗത്തിറങ്ങും.
ബാലുശ്ശേരിയില്‍ രണ്ടു തവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട പുരുഷന് കടലുണ്ടിക്ക് ഇത്തവണ സീറ്റുണ്ടാകില്ലെന്ന് ഉറപ്പാണ്. ബാലുശ്ശേരി പട്ടികജാതി സംവരണ മണ്ഡലമാണ്. എസ്.എഫ്.ഐ നേതാവിനെ രംഗത്തിറക്കി തുടര്‍ച്ചയായ മൂന്നാം ജയം നേടാനാണ് സി.പി.എമ്മിന്റെ ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പിന്നിലായ തിരുവമ്പാടിയിലും പുതിയ മുഖത്തെ സി.പി.എം പരീക്ഷിക്കും.
കത്തോലിക്ക സഭയുമായുള്ള സൗഹൃദവും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വരവും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടി മണ്ഡലത്തിന് കീഴിലെ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് തുണയായിരുന്നില്ല.
സഭക്ക് കൂടി താല്പര്യമുള്ളയാളെയാകും പാര്‍ട്ടി രംഗത്തിറക്കുക. ജോര്‍ജ് എം. തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് പ്രാദേശിക ഘടകങ്ങളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ജോളി ജോസഫുള്പ്പെടെയുള്ളവര് ഇത്തവണയും സാധ്യതാപട്ടികയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ അവഗണന നേരിട്ട ജനതാദള്‍-എസ് ചെറിയ പേടിയിലാണ്. എല്‍.ജെ.ഡിയുമായി ലയനം നടന്നാല്‍ വടകര സീറ്റ് കൈവിട്ട് പോകുമോയെന്ന ആശങ്കയുണ്ട്.
സിറ്റിങ് എം.എല്‍.എ സി.കെ. നാണുവില്ലെങ്കില് മകന് ടി.കെ. സുധീര്‍, കെ. ലോഹ്യ എന്നിവരെയാകും ജനതദള്‍ -എസ് പരിഗണിക്കുക. കേരള കോണ്‍ഗ്രസ് മാണി വിഭാഗം പതിവായി മത്സരിക്കുന്ന ജില്ലയിലെ ഏക മണ്ഡലമായ പേരാമ്പ്രയില്‍ മന്ത്രി ടി.പി. രാമകൃഷ്ണനും മാറാനാണ് സാധ്യത.
സി.പി.ഐയുടെ സ്ഥിരം മണ്ഡലമായ നാദാപുരത്ത് രണ്ട് ടേം പൂര്‍ത്തിയാക്കുന്ന ഇ.കെ. വിജയനും മത്സര രംഗത്തുണ്ടാകില്ല. 1987 മുതല്‍ 96 വരെ നാദാപുരത്തെ പ്രതിനിധാനം ചെയ്ത സത്യന് മൊകേരിയെ സി.പി.ഐ പരിഗണിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ പി. വസന്തവും പരിഗണനാ പട്ടികയിലുണ്ട്. വിജയസാധ്യത കണക്കിലെടുത്ത് കോഴിക്കോട് നോര്‍ത്തില്‍ എ. പ്രദീപ് കുമാര്‍ തുടരാനാണ് സാധ്യത. മികച്ച സ്ഥാനാര്‍ഥിയെ കിട്ടിയില്ലെങ്കില്‍ ബേപ്പൂരില്‍ വി.കെ.സി. മമ്മത് കോയക്ക് ഒരങ്കത്തിനു കൂടി അവസരം ലഭിക്കും.
ബേപ്പൂരില്‍ വി.കെ.സി ഇല്ലെങ്കില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിനാണ് സാധ്യത കൂടുതല്‍. എ.കെ ശശീന്ദ്രനെ കണ്ണൂരിലേക്ക് മാറ്റി എലത്തൂര്‍ സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന ചര്‍ച്ചകള്‍ മുന്നണി മര്യാദ മുന്‍നിര്‍ത്തി സി.പി.എം അധികം പ്രോത്സാഹിപ്പിക്കുന്നില്ല. കോഴിക്കോട് സൗത്തില്‍ ഐ.എന്‍.എല്ലിന് സീറ്റുണ്ടാകില്ലെന്ന സൂചനയും പാര്‍ട്ടി നല്‍കുന്നുണ്ട്.