തിരുവനന്തപുരം : നിയമസഭാ സമ്മേളനം ഈ മാസം 27 ന് ചേരാൻ ധാരണ. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം ഉണ്ടായത്. പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
ധനകാര്യബിൽ പാസാക്കുന്നതിനായാണ് നിയമസഭ സമ്മേളിക്കുന്നത്. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന ധനകാര്യബിൽ ഈ മാസം 30 ന് അസാധുവാകും. ബിൽ പാസാക്കി ഈ സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന അജണ്ട. നേരത്തെ സഭാസമ്മേളനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു യോഗം. കോവിഡ് പ്രതിസന്ധി നിലനിൽക്കെ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നിയമസഭാ സമ്മേളിക്കുക . സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സഭ സമ്മേളിക്കുക. അതിനിടെ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കവുമായി പ്രതിപക്ഷവും രംഗത്തുണ്ട്. സ്പീക്കറുടെ രാജിയും ആവശ്യപ്പെടും.