ഡല്‍ഹി : നിസാമുദ്ദീന്‍ ബംഗളെ വാലി മസ്ജിദിന്റെ ചുമതലയുള്ള മൗലവിയടക്കം അഞ്ച് പേര്‍ക്കെതിരേ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു മസ്ജിദില്‍ ഒത്തുകൂടിയതിന്റെ പേരിലാണ് കേസ്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയതിനെതിരേ ഡല്‍ഹി സര്‍ക്കാര്‍ പോലീസ് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹി ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. മൗലവിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.
നിസാമുദ്ദീനില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നൂറിലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 610 പേരെ ഡല്‍ഹിയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയോടെയാണ് മസ്ജിദിന്റെ ഏഴ് നിലകളിലായി ഉണ്ടായിരുന്ന മുഴുവന്‍ പേരെയും ഒഴിപ്പിച്ചത്. അതേസമയം, കേരളത്തില്‍നിന്ന് മുന്നൂറിലധികം മലയാളികള്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ആദ്യഘട്ടത്തില്‍ 230 പേരും രണ്ടാം ഘട്ടത്തില്‍ 80 പേരുമാണ് പങ്കെടുത്തത്. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. മതസമ്മേളനത്തില്‍ പങ്കെടുത്തത് മറച്ചുവെച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് അറിയിച്ചിട്ടുണ്ട്.