ദില്ലി: ഇന്‍ഡിഗോ വിമാനത്തിലെ ദുരനുഭവം പങ്കുവച്ച് പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമരീന്ദര്‍ സിംഗ് രാജ. വിമാനം പറന്നുയര്‍ന്നതു മുതല്‍ എസി പ്രവര്‍ത്തനരഹിതമായിരുന്നു. വിയര്‍പ്പ് തുടയ്ക്കുന്നതിനായി എയര്‍ ഹോസ്റ്റസ് ടിഷ്യു പേപ്പര്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നുവെന്നും അമരീന്ദര്‍ സിംഗ് രാജ എക്‌സ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ചണ്ഡീഗഡില്‍ നിന്ന് ജയ്പൂരിലേക്കുള്ള 6E7261 ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.
‘കനത്ത ചൂടില്‍ 15 മിനിറ്റോളം ഞങ്ങളെ വരിയില്‍ കാത്തിനിര്‍ത്തിയതിനു ശേഷമാണ് വിമാനത്തില്‍ കയറ്റിയത്. അകത്തു കയറിയപ്പോഴോ എസിയില്ലതാനും. വിമാനം പറന്നുയര്‍ന്നതു മുതല്‍ എസി പ്രവര്‍ത്തനരഹിതമായിരുന്നു. അതിനാല്‍ തന്നെ യാത്രക്കാര്‍ നല്ലരീതിയില്‍ അനുഭവിക്കേണ്ടി വന്നു. വിമാനത്തില്‍ യാത്ര ചെയ്ത ആരും തന്നെ ഇതു ചോദ്യം ചെയ്തില്ല’ – അമരീന്ദര്‍ സിംഗ് പറയുന്നു. ‘സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും തന്നെ അസ്വസ്ഥരായിരുന്നു. വിയര്‍പ്പ് തുടയ്ക്കുന്നതിനായി എയര്‍ ഹോസ്റ്റസ് ടിഷ്യൂ പേപ്പര്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു. വിമാനം പുറപ്പെട്ട് ജയ്പുര്‍ എത്തുന്നതുവരെ എസി പ്രവര്‍ത്തിക്കാത്തതിനാല്‍ യാത്രക്കാര്‍ ചൂടു സഹിച്ച് ഇരിക്കേണ്ടി വന്നു’ – ടിഷ്യൂ പേപ്പറും മറ്റും ഉപയോഗിച്ച് ആളുകള്‍ വീശുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അമരീന്ദര്‍ സിംഗ് കുറിച്ചു. വിമാനക്കമ്പനിക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.