റാന്നി : ഫണ്ടനുവദിച്ചിട്ട് ഒന്നരവർഷം. പണി കരാർവെച്ചിട്ട് നാല് മാസം. എന്നിട്ടും പൂർണമായി തകർന്നുകിടക്കുന്ന ഇടമുറിപ്പാലം-ഇടമുറി സ്‌കൂൾപടി റോഡ് നന്നാക്കാൻ തുടങ്ങുന്നില്ല. നടപടികൾ പൂർത്തിയാക്കാൻ വന്ന കാലതാമസം കാരണം എസ്റ്റിമേറ്റിൽ അല്പം മാറ്റംവന്നതാണ് പണികളെ ബാധിച്ചത്. ഇത് അനിശ്ചിതമായി നീളുകയാണ്. സ്‌കൂൾ, കോളേജ് വിദ്യാർഥികളടക്കം നൂറുകണക്കിന് ആൾക്കാർ ഉപയോഗിച്ചുവരുന്ന റോഡാണ് നടന്നുപോലും പോകാൻ കഴിയാത്തവിധം കുണ്ടുംകുഴികളുമായി കിടക്കുന്നത്.
1100 മീറ്റർ ദൂരമുള്ള റോഡിന്റെ പലഭാഗങ്ങളും നേരത്തേ തകർന്നുകിടക്കുകയായിരുന്നു. നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം പ്രമോദ് നാരായൺ എംഎൽഎ റോഡ് സഞ്ചാരയോഗ്യമാക്കാൻ 20 ലക്ഷം രൂപ അനുവദിച്ചു. കൂടുതൽ തകർന്നുകിടക്കുന്ന ഭാഗങ്ങൾ നന്നാക്കുന്നതിനാണ് ഒന്നരവർഷം മുമ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
മൂന്നിടങ്ങളിലായി 850 മീറ്ററോളം ടാറിങ് നടത്താനായിരുന്നു എസ്റ്റിമേറ്റ്. ഇതിനിടയിൽ പണി കരാർ നൽകുകയുംചെയ്തു. ഈ നടപടികൾ പൂർത്തിയാക്കാൻ കാലതാമസം വന്നതോടെ റോഡ് പൂർണമായും തകർന്നു. 1100 മീറ്ററും നന്നാക്കേണ്ട സ്ഥിതിയിലെത്തി. ഈ സാഹചര്യത്തിൽ ഏതെങ്കിലും ഒരറ്റത്തുനിന്ന് പൂർണമായി ടാറിങ് നടത്താനും ശേഷിക്കുന്നഭാഗം സഞ്ചാരയോഗ്യമാക്കാൻ വൈകാതെ ഫണ്ടനുവദിക്കാമെന്നും ജനപ്രതിനിധികൾ നിർദേശിച്ചു. ഇത്തരത്തിൽ എസ്റ്റിമേറ്റ് പുതുക്കാൻ എംഎൽഎ ആവശ്യപ്പെടുകയുംചെയ്തു. എന്നാൽ ഇത് നീണ്ടുപോകുന്നതാണ് പണി തുടങ്ങാനാവാത്തതിന് കാരണം. ബ്ലോക്ക് അസിസ്റ്റന്റ് എൻജിനീയറാണ് എസ്റ്റിമേറ്റ് പുതുക്കേണ്ടത്