ഇടുക്കി : പണിക്കൻകുടിയിൽ വീട്ടമ്മയുടെ മൃതദേഹം അടുക്കളയിൽ കുഴിച്ചുമൂടിയ അയൽവാസി മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത് വൻ ശ്രമങ്ങൾ. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പോലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി. വസ്ത്രം പൂർണമായും മാറ്റിയിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
അതിനിടെ കേസ് അന്വേഷണത്തിൽ പോലീസിൻ്റെ ഭാഗത്ത് വലിയ വീഴ്ച്ചയുണ്ടായെന്ന് ആരോപിച്ച് സിന്ധുവിന്റെ കുടുംബം രംഗത്തെത്തി. സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകൻ്റെ മൊഴിയുണ്ടായിട്ടും പോലീസ് അത് ഗൗരവമായെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം കണ്ടെത്തിയ അടുകളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിട്ടും അന്വേഷിച്ചില്ല. ആഗസ്റ്റ് 16 ന് മാത്രമാണ് ബിനോയി ഒളിവിൽ പോയതെന്നും ബന്ധുക്കൾ പറഞ്ഞു.
ഇന്നലെയാണ് ഇടുക്കി പണിക്കൻകുടിയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മ സിന്ധുവിന്റെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. അയൽവാസി ബിനോയ് ഒളിവിലാണ്. ഭര്‍ത്താവുമായി പിണങ്ങി കാമാക്ഷി സ്വദേശിയായ സിന്ധു കഴിഞ്ഞ ആറ് കൊല്ലമായി പണിക്കൻകുടിയിൽ വാടയ്ക്ക് താമസിക്കുകയായിരുന്നു. ഈ വീടെടുത്ത് നൽകിയത് ബിനോയ് ആയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ 12ന് ചികിത്സയിൽ കഴിയുന്ന ഭര്‍ത്താവിനെ കാണാൻ പോയെന്ന പേരിൽ സിന്ധുവും ബിനോയും തമ്മിൽ തര്‍ക്കമുണ്ടായെന്നും അന്ന് മുതൽ അമ്മയെ കാണാനില്ലെന്നുമായിരുന്നു ഇളയ മകൻ പോലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി. ഡോഗ് സ്കോഡടക്കം സ്ഥലത്തെത്തി പല കുറി പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പിന്നീട് സിന്ധുവിന്റെ ബന്ധുക്കളായ ചെറുപ്പക്കാര്‍ ബിനോയിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.