ഡല്‍ഹി : റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ഉടന്‍ കൈമാറും. ഇന്ത്യയ്ക്ക് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൈമാറുന്നതില്‍ കാലതാമസമുണ്ടാകില്ലെന്ന് ഫ്രാന്‍സ്. 36 റാഫേല്‍ വിമാനങ്ങള്‍ യഥാസമയം വിതരണം ചെയ്യുമെന്ന് ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവല്‍ ലിനെയ്ന്‍ വ്യക്തമാക്കി. കൂടാതെ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി 58,000 കോടി രൂപയുടെ കരാര്‍ 2016ല്‍ ആണ് ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവച്ചത്. കരാര്‍ പ്രകാരം ഒരു റാഫേല്‍ യുദ്ധ വിമാനം ഇന്ത്യയ്ക്കു കൈമാറി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ഒക്ടോബറില്‍ ഫ്രാന്‍സിലെത്തിയാണ് വിമാനം വാങ്ങിയത്.
ഫ്രാന്‍സ് ആദ്യ ബാച്ച് റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്ക്കു കൈമാറുന്നത്. നാല് വിമാനങ്ങളാണ് എത്തുക. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലാകും ഇവയെ വിന്യസിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ കൈമാറുന്നത് വൈകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തള്ളിയാണ് ഇമ്മാനുവല്‍ രംഗത്തെത്തിയിരിക്കുന്നത്. എത്തുന്നവയില്‍ ആദ്യ ബാച്ചിലെ നാലെണ്ണത്തില്‍ മൂന്നെണ്ണം ഇരട്ട സീറ്റുള്ളവയാണ്. വിമാനം പറത്തുന്നതിന് ആദ്യഘട്ടത്തില്‍ ഏഴ് പൈലറ്റുമാര്‍ക്കാണ് പരിശീലനം നല്‍കിയിരിക്കുന്നത്.