പെരിങ്ങനാട് : ഒരിറ്റുവെള്ളത്തിനായി കാത്തിരിക്കുകയാണ് പെരിങ്ങനാട് ഭാഗത്തുള്ള നാട്ടുകാർ. പെരിങ്ങനാട് പുത്തൻചന്ത, വഞ്ചിമുക്ക്, മുളമുക്ക്, വഞ്ചിമുക്ക് മുതൽ നിരപ്പുകടവ് പാലം വരെയുള്ള ഭാഗങ്ങളിലാണ് നിലവിൽ കുടിവെള്ളവിതരണമില്ലാത്തത്. പെരിങ്ങനാട് തെക്കുംമുറി ഭാഗത്തെ അങ്കണവാടിയിൽ കഴിഞ്ഞ ഏഴുമാസമായി കുടിവെള്ള വിതരണമില്ലാത്ത സാഹചര്യമാണ്. ഇതിനാൽ അടുത്ത വീടുകളിലെ കിണറുകളിൽനിന്നു വെള്ളം പാത്രങ്ങളിൽ കോരിക്കൊണ്ടുവരുകയാണ് ചെയ്യുന്നത്. രണ്ട് അങ്കണവാടിയുടേയും ഒരു സ്കൂളിന്റെയും ഏക ആശ്രയമായിരുന്നു വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം.
മാസങ്ങൾക്കുമുൻപ് കുടിവെള്ളവിതരണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഒഫീസിനു മുൻപിൽ സമരംചെയ്തിരുന്നു. അന്ന് കുറച്ചുദിവസത്തേക്ക് ചില ഭാഗങ്ങളിൽ വെള്ളമെത്തിയെങ്കിലും പിന്നീട് അതുണ്ടായില്ല. വെള്ളത്തിന്റെ അവശ്യം പറഞ്ഞ് വാട്ടർ അതോറിറ്റിയിലേക്ക് ഫോൺ വിളിച്ചാൽ പലപ്പോഴും ആരും എടുക്കാറില്ല. എപ്പോഴെങ്കിലും എടുത്താൽ തന്നെ രണ്ടു ദിവസത്തിനുള്ളിൽ വെള്ളം എത്തുമെന്ന് പറഞ്ഞ് ഫോൺ വെയ്ക്കുകയാണ് പതിവ്. പക്ഷേ രണ്ടും കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാലും വെള്ളമെത്തില്ലെന്നാണ് നാട്ടുകാരനായ രവീൺ പറയുന്നത്. വെള്ളം വന്നില്ലെങ്കിലും ബിൽ മുറയ്ക്ക് വരാറുണ്ടെന്നും നാട്ടുകാർ പറയുന്നു.