ദില്ലി: മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ കരട് തയ്യാറാക്കാന്‍ ഇന്ത്യന്‍ ലോ കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ തമിഴ്നാട് സര്‍ക്കാര്‍ മറുപടി നല്‍കി. അടുത്ത കാലത്തൊന്നും തമിഴ്‌നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ തമിഴ്‌നാട് വ്യക്തമാക്കി. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ അസഹിഷ്ണുത വളര്‍ത്തുകയെന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഹര്‍ജിയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, തങ്ങളുടെ മതവിശ്വാസം പ്രചരിപ്പിക്കാനും പ്രസംഗിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ അനുഛേദം 25 ഉറപ്പുതരുന്നുണ്ട്. തെളിവുകളില്ലാത്ത ആരോപണങ്ങള്‍ നിരത്തി ഒരു പ്രത്യേക വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.