ചെങ്ങന്നൂർ : നഗരസഭയിലെയും പഞ്ചായത്തുകളിലെയും തോടുകളുടെ ശുചീകരണത്തിന് ചെറുകിട ജലസേചനവകുപ്പും ശുചിത്വമിഷനും നൽകിയ ഉറപ്പുകൾ പാഴായി. സെപ്റ്റംബറായിട്ടും തോടുകൾ വൃത്തിയാക്കുന്നതിനു പണമനുവദിച്ചിട്ടില്ല. തദ്ദേശസ്ഥാപനങ്ങൾ നൽകിയ പട്ടികപ്രകാരം ചെറുകിട ജലസേചനവകുപ്പ് തോടുകളുടെ അടങ്കൽ തയ്യാറാക്കിയിരുന്നു. എന്നാൽ മൂന്നുമാസം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. നീരൊഴുക്ക് പൂർണമായി നിലച്ചതും മാലിന്യം നിറഞ്ഞതുമായ തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഉപ്പുകളത്തിൽതോട് അടിയന്തിരമായി വൃത്തിയാക്കണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് ചെറുകിട ജലസേചനവിഭാഗം പരിശോധന നടത്തി. എന്നാൽ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ പഞ്ചായത്ത് ഈ വർഷത്തെ വാർഷികപദ്ധതിയിൽ തോടു വൃത്തിയാക്കാൻ രണ്ടുലക്ഷംരൂപ വെച്ചിട്ടുണ്ട്. പക്ഷേ പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരമായില്ല. തിരുവൻവണ്ടൂർ പഞ്ചായത്തിൽ വരട്ടാറിലെ ജലത്തിന് മഞ്ഞനിറമാണ്. നീരൊഴുക്കുമില്ല. തീരങ്ങൾ ഇടിയുന്നുമുണ്ട്. തീരങ്ങളിൽ കൊതുകിന്റെ സാന്ദ്രത കൂടിയിട്ടുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. വീണ്ടും മഴ തുടങ്ങിയതോടെ വൃത്തിയാക്കാത്ത തോടരികുകളിൽ താമസിക്കുന്നവർ പകർച്ചവ്യാധി ഭീഷണിയിലാണ്. മലിനജലം ജലസ്രോതസ്സുകളിലേക്ക് ഊർന്നിറങ്ങുന്നതാണ് പ്രശ്നം. വരട്ടാറിന്റെ തീരത്തെ ജലസ്രോതസ്സുകളിലും ഇതേ പ്രശ്നമുണ്ട്. വെള്ളപ്പൊക്കനിയന്ത്രണത്തിനു സഹായിക്കുന്ന ഇല്ലിമല-മൂഴിക്കൽത്തോട്ടിലും നീരൊഴുക്കില്ല. മുളയുംമറ്റും വീണുകിടക്കുകയാണ്.