തിരുവല്ല : സംഭരിച്ച നെല്ലിന് പണം നൽകാൻ താമസിക്കുന്നതിൽ പ്രതിഷേധിച്ച് അപ്പർ കുട്ടനാട്ടിലെ കർഷക സംഘടനകൾ സമരമുഖത്ത്. ഏപ്രിൽ അഞ്ചിന് മുമ്പ് സംഭരിച്ച നെല്ലിന്റെ പണം ഏറെക്കുറേ കൊടുത്തുതീർത്തിട്ടുണ്ട്. അപ്പർകുട്ടനാട്ടിൽ ഏപ്രിൽ അഞ്ചിന് ശേഷമാണ് കൂടുതൽ കൊയ്ത്തും നടന്നത്. മേയ് അവസാനം വരെ സംഭരണകാലം നീണ്ടു. വായ്പയെടുത്ത് കൃഷിയിറക്കിയവരാണ് ഭൂരിപക്ഷം കർഷകരും. രണ്ട് മാസം കഴിഞ്ഞിട്ടും നെൽവില കിട്ടാതായതോടെ കടക്കെണിയിലാകുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. തുടർന്നാണ് പ്രതിഷേധ മാർഗം തിരഞ്ഞെടുത്തത്.
കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ആർ.ഡി. ഓഫീസിന് മുന്നിൽ സമരം നടത്തി. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കർഷകരുടെ ദുരിതങ്ങൾ കണ്ടില്ലായെന്നുനടിച്ച പിണറായി സർക്കാർ ജനവിധിയുടെ ചുവരെഴുത്ത് വായിക്കുവാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് തോമസ് കോവൂർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ജോസഫ് എം.പുതുശേരി, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ. സതീഷ് ചാത്തങ്കരി, ജേക്കബ് പി.ചെറിയാൻ, ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, സണ്ണി തോമസ്, കെ.എൻ. രാജൻ, അഡ്വ. രാജേഷ് ചാത്തങ്കരി, ആർ.ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ല സിവിൽ സപ്ലൈസ് ഓഫീസ് പടിക്കൽ വിവിധ കർഷക സംഘടനകൾ ചേർന്ന് നടത്തിയ ധർണ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. അപ്പർകുട്ടനാട് കർഷക വികസന സമിതി ചെയർമാൻ സാം ഈപ്പൻ അധ്യക്ഷതവഹിച്ചു. അഡ്വ. ആർ. സനൽകുമാർ, കർഷകസംഘം തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ജനു മാത്യു, എബി വർഗീസ്, കെ.എസ്. എബ്രഹാം, ജി. വേണുഗോപാൽ, തോമസ് ചാക്കോ, മധുസൂദനൻ, ടി.ഡി. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.