കാക്കനാട് : നാടും നഗരവും പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ എറണാകുളം ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കളക്ടര്‍. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതു മൂലമാണ് കളക്ടര്‍ എസ്. സുഹാസിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെ വന്നത്. കോര്പ്പറേഷന് അധികൃതരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയാണ് വോട്ട് നഷ്ടപ്പെടുത്തിയത്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പേര് ചേര്‍ക്കേണ്ടത് അതത് തദ്ദേശ സ്ഥാപനങ്ങളാണ്. അതത് സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കാണ് ഇതിന്റെ ചുമതല. നവംബര്‍ 10നായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ട അവസാന ദിവസം. പേര് ചേര്‍ക്കുന്ന കാര്യം കളക്ടറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിട്ട് പോകുകയായിരുന്നു.
അതേസമയം നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള വോട്ടര്‍ പട്ടികയില്‍ കളക്ടറുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു. തഹസില്‍ദാര്‍ വഴിയാണ് ഈ തെരഞ്ഞെടുപ്പുകളില്‍ കളക്ടര്‍ അടക്കമുള്ള വി.ഐ.പി വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ ചേര്‍ക്കുന്നത്.