തിരുവനന്തപുരം: നോട്ട് നിരോധിച്ച് ഡിജിറ്റൽ കറൻസിയിലേക്ക് മാറുന്നെന്നുള്ള പരസ്യം വാർത്താ രൂപത്തിൽ അടിച്ചുവിട്ട് ജനങ്ങളെ ആശങ്കയിലാക്കിയ പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നോട്ടീസ് നൽകിയിരിക്കെ പ്രചാരത്തിൽ കാര്യമായ ഇടിവുണ്ടായി. വരുമാനത്തിൽ കാര്യമായ ഇടിവ് ഉണ്ടായതോടെ അടുത്ത പരസ്യവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രചാരത്തിൽ ഒന്നാമതുള്ള മലയാള മനോരമ. 82 ശതമാനം വായനക്കാരും പത്രപരസ്യങ്ങൾ കാണുക മാത്രമല്ല വിശ്വസിക്കുകയും ചെയ്യുന്നെന്നും 70 ശതമാനം വായനക്കാർ പത്രപരസ്യങ്ങൾ വായിക്കുക മാത്രമല്ല, ഓർത്തുവെയ്ക്കുകയും ചെയ്യുന്നെന്നുമാണ് ഈ പരസ്യത്തിൽ മനോരമ അടിച്ചുവിടുന്നത്. മാറാത്ത ശീലം, തെറ്റാത്ത വിശ്വാസം എന്ന പേരിലുള്ള ഈ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. പരസ്യം വാർത്ത പോലെ നൽകി ജനങ്ങളെ പറ്റിച്ച വിവാദത്തിനു ശേഷം എല്ലാ പത്രങ്ങൾക്കും പരസ്യം കുത്തനെ കുറഞ്ഞിട്ടുണ്ട്.
പത്രങ്ങളിലെ പരസ്യങ്ങൾക്ക് ഇടിവുണ്ടാവുകയാണെങ്കിലും ഡിജിറ്റൽ, ഓൺലൈൻ പരസ്യങ്ങൾക്ക് ഇപ്പോൾ വൻ ഡിമാന്റാണ്. പത്ര പരസ്യം ഒരു തവണ മാത്രമാണ് കാണുന്നതെങ്കിൽ ഓൺലൈൻ വാർത്താ ചാനലുകളിലെയും വെബ്സൈറ്റുകളിലെയും പരസ്യത്തിന് ഈ പരിമിതിയില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്ത ഉള്ളടക്കം പ്രസിദ്ധീകരിച്ചത് മാധ്യമ ധാർമികതയുടെ ലംഘനമാണെന്ന് പ്രസ് കൗൺസിൽ പത്രങ്ങൾക്കയച്ച നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ജെയിൻ കൽപ്പിത സർവകലാശാലയുടെ മാർക്കറ്റിങ് ഫീച്ചറിൽ ‘നോട്ടേ വിട, ഇനി ഡിജിറ്റൽ കറൻസി’ എന്നും ‘മാറ്റത്തിന്റെ കാറ്റിൽ പറന്ന് പേപ്പർ കറൻസി’ എന്നുമൊക്കെയുള്ള തലക്കെട്ടിലായിരുന്നു വാർത്ത. പത്രങ്ങളുടെ നടപടി ചർച്ചയാകുകയും സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷപ്രതികരണം ഉണ്ടാകുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രസ് കൗൺസിൽ സ്വമേധയാ നടപടിയെടുക്കുകയായിരുന്നു.