തിരുവനന്തപുരം : ഏഴ് മാസമായി ശമ്പളം ലഭിക്കുന്നില്ല, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചോദിച്ചിട്ട് കൊടുത്തില്ല, ഇതോടെ മനംനൊന്ത യുവമാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. മംഗളം ദിനപത്രത്തിന്റെ കോട്ടയം യൂണിറ്റില്‍ ഓണ്‍ലൈനില്‍ ജോലി ചെയ്യുന്ന യുവതിയാണ് വ്യാഴാഴ്ച ഉച്ചയോടെ വിഷം കഴിച്ചത്. ഇതോടെ സഹപ്രവര്‍ത്തകരും മറ്റും ഇടപെട്ട് വിഷം ഛര്‍ദ്ദിപ്പിച്ചു. വൈകുന്നേരം വരെ ഓഫീസില്‍ ഇരുത്തിയ ശേഷം എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി മടക്കിയയച്ചു. ശമ്പളം ഒരു രൂപ പോലും കൊടുത്തില്ല.
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് വേണ്ടിയാണ് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചോദിച്ചത്. അത് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇന്നലെ ഉച്ചയോടെ യുവതി പേഴ്സണല്‍ മാനേജരുടെ ക്യാബിനിലെത്തി കത്ത് കൈമാറി. രാജിക്കത്താണെന്ന് കരുതി മാനേജര്‍ തുറന്ന് നോക്കിയപ്പോഴാണ് ആത്മഹത്യാ കുറിപ്പാണെന്ന് മനസിലായത്. ശമ്പളവും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും തരാത്തതിനാല്‍ ഓഫീസില്‍ ആത്മഹത്യ ചെയ്യുകയാണെന്നും ഉത്തരവാദി പേഴ്സണല്‍ മാനേജരായിരിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഇത് വായിച്ച മാനേജര്‍ മറ്റ് ജീവനക്കാരെ കൂട്ടി യുവതിയെ തിരഞ്ഞപ്പോള്‍ ക്വാട്ടേഴ്സില്‍ വിഷം കഴിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ച് കൊല്ലത്തോളമായി ഇവിടെ ജോലി ചെയ്യുകയാണ് യുവതി. മംഗളം പത്രത്തില്‍ ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. ലേബര്‍ ഓഫീസര്‍ ഇടപെട്ട് രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്റ് ഒരു മാസത്തെ ശമ്പളം പോലും നല്‍കാന്‍ തയ്യാറായില്ല. അടുത്തയാഴ്ച ലേബര്‍ ഓഫീസ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ശമ്പളകാര്യത്തില്‍ അന്നും തീരുമാനം ആയില്ലെങ്കില്‍ പണിമുടക്കാനാണ് മംഗളം സെല്ലിന്റെ തീരുമാനം.