Thursday, May 23, 2024 10:05 am

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കും : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തെ മയക്കു മരുന്ന് മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന നോ ടു ഡ്രഗ് ലഹരിവിരുദ്ധ കാമ്പയിനില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. പ്രചാരണ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലെന്നതിനെക്കാള്‍ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛന്‍ എന്ന നിലയിലും അവരുടെ രക്ഷകര്‍ത്താക്കളോട് മുതിര്‍ന്ന ഒരു സഹോദരന്‍ എന്ന നിലയിലുമാണു സംസാരിക്കുന്നതെന്ന് ആമുഖമായി മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യത്വത്തിന്റെ ഭാഷയിലാണു നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സമാധാനപൂര്‍വവും സ്നേഹനിര്‍ഭരവും ആരോഗ്യമുള്ളതുമായ അവസ്ഥയില്‍, അനന്തര തലമുറകള്‍ വളര്‍ന്നുവരുന്നതു കാണണമെന്നതാണ് മുതിര്‍ന്നവരുടെ ആഗ്രഹം. ആ ആഗ്രഹത്തെ അപ്പാടെ തകര്‍ത്തുകളയുന്ന ഒരു മഹാവിപത്താണ് മയക്കുമരുന്ന്. ഇതില്‍ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാവുന്നില്ലെങ്കില്‍ നമ്മുടെ വരുംതലമുറകളാകെ എന്നേക്കുമായി തകരും. സര്‍വനാശം ഒഴിവാക്കാന്‍ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെടണം. മയക്കുമരുന്ന് വ്യക്തിയെ തകര്‍ക്കുന്നു. കുടുംബത്തെ തകര്‍ക്കുന്നു. കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നു.

സാമൂഹ്യ ബന്ധങ്ങളെ തകര്‍ക്കുന്നു. നാടിനെ തകര്‍ക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കല്‍പിക്കാനാവുന്നതും സങ്കല്പിക്കാന്‍ പോലുമാവാത്തതുമായ അതിഹീനമായ കുറ്റകൃത്യങ്ങളുടെ ഉറവിടമാണത്. കൊലചെയ്യുന്നതടക്കം ഘോരകുറ്റകൃത്യങ്ങളാണ് മയക്കുമരുന്നിന്റെ ഫലമായി സമൂഹത്തില്‍ നടക്കുന്നത്. ബോധാവസ്ഥയില്‍ ഒരിക്കലും ഒരാളും ചെയ്യില്ലാത്ത അതിക്രൂരമായ അധമകൃത്യങ്ങള്‍ പോലും മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയില്‍ അവര്‍ ചെയ്യുന്നു. മയക്കുമരുന്നിന് പൂര്‍ണമായി അടിപ്പെട്ടവര്‍ക്ക് അതില്‍ നിന്നുള്ള മോചനം അത്ര എളുപ്പമല്ല. മയക്കുമരുന്നു ശീലിച്ചവര്‍ അതു കിട്ടാതെ വരുമ്പോള്‍ ഭ്രാന്താവസ്ഥയില്‍ ചെന്നുപെടുന്നു. ആ അവസ്ഥയില്‍ അവര്‍ എന്തു ചെയ്യും, എന്തു ചെയ്യില്ല, എന്നു പറയാനാവില്ല.

സ്വയം ഭാരമാവുന്ന കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാന്‍ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ആ മഹാവിപത്തിന് ഇനി ഒരാളെപ്പോലും വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ, എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ സമൂഹത്തെ രക്ഷിക്കാന്‍ ഇതല്ലാതെ നമുക്കു വേറെ മാര്‍ഗമില്ല. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ‘നോ റ്റു ഡ്രഗ്സ്’ എന്ന അതിവിപുലമായ ഒരു ജനകീയ കാമ്പയിന്‍ കേരളസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്. ഈ പ്രചാരണ പരിപാടിയുടെ മുഖ്യലക്ഷ്യം കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് രാജ്യത്തു മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും. അവര്‍ കുട്ടികളെയാണു പ്രധാന ലക്ഷ്യമാക്കുന്നത്. ആദ്യം ഒരു കുട്ടിയെ പിടിക്കുക. പിന്നീട് ആ കുട്ടിയിലൂടെ കുട്ടികളിലേക്കാകെ കടന്നു ചെല്ലുക. അവരെ മയക്കുമരുന്നിന്റെ കാരിയര്‍മാരാക്കുക. ഈ തന്ത്രമാണവര്‍ ഉപയോഗിക്കുന്നത്.

കുഞ്ഞുങ്ങളെ ഈ സ്വാധീനവലയത്തില്‍ പെടാതെ നോക്കാന്‍ നമുക്കു കഴിയണം. കുഞ്ഞുങ്ങളിലേക്ക് അവര്‍ എത്തുന്നില്ല എന്ന് നമ്മള്‍ മുതിര്‍ന്നവര്‍ ഉറപ്പുവരുത്തുകയും വേണം. കുട്ടികളുടെ പക്കല്‍ മയക്കുമരുന്നുണ്ടെങ്കിലതു കണ്ടെത്തുക അത്ര എളുപ്പമല്ല. എത്ര ശ്രമകരമാണെങ്കിലും കണ്ടെത്താതിരിക്കാന്‍ പറ്റില്ല. അതുകണ്ടെത്തുകതന്നെ ചെയ്യും. അതിനു പഴുതടച്ചുള്ള ശ്രമങ്ങളാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തുന്നത്. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി രൂപം നല്‍കിയ ലഹരിവര്‍ജ്ജന മിഷനായ വിമുക്തിയുടെയടക്കം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുമ്പോള്‍ തന്നെയാണ് ഈ കാമ്പയിന്‍. ഒന്നു നിര്‍ത്തി മറ്റൊന്നു തുടങ്ങുകയല്ല. എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ്. ലഹരിവിരുദ്ധ അവബോധം നല്‍കുന്നതിനായുള്ള പരിപാടികള്‍ തയാറാക്കി വിക്ടേഴ്സ് ചാനല്‍ വഴിയും നവമാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ചുവരികയാണ്. കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 33 വെബിനാറുകളില്‍ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്.

ജനമൈത്രി, എസ് പി സി, ഗ്രീന്‍ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസ് വകുപ്പ് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി നേര്‍വഴിയിലേക്ക് കൊണ്ടുവരുന്നതിനായി പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ‘യോദ്ധാവ്’ എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നുണ്ട്. ഇങ്ങനെ നിലവിലുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ പുതിയ കാമ്പയിന്‍ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതു നമുക്ക് വിജയിപ്പിച്ചേ തീരൂ. അസാധ്യമെന്നു പലരും കരുതുന്നുണ്ടാവും. എന്നാല്‍ നമ്മള്‍ ഇതു സാധ്യമാക്കുക തന്നെ ചെയ്യും.

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഓരോ വാര്‍ഡിലെയും സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി, ആശാപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഇത്തരം കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 19,391 വാര്‍ഡു കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഡി-അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാലയങ്ങളില്‍ പി ടി എ സഹകരണത്തോടെ ലഹരിവിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു വരികയാണ്. വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി സ്‌കൂളുകളില്‍ ‘ഉണര്‍വ്’ എന്ന പേരിലും കോളജ് കാമ്പസുകളില്‍ ‘നേര്‍ക്കൂട്ടം’ എന്ന പേരിലും കോളജ് ഹോസ്റ്റലുകളില്‍ ‘ശ്രദ്ധ’ എന്ന പേരിലും കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുണ്ട്.

വിദ്യാലയങ്ങളോടു ചേര്‍ന്നുള്ള ചില കടകളിലടക്കമാണ് മയക്കുമരുന്നുകളുടെ വിപണി നടക്കുന്നത്. ഇതു പുറത്തു വന്നതോടെ കടകളെ ഒഴിവാക്കി കുട്ടികളെത്തന്നെ കാരിയറാക്കുന്ന നിലയുമുണ്ട്. അദ്ധ്യാപക രക്ഷാകര്‍തൃ സംഘടനകളുടെ, തദ്ദേശഭരണ സമിതികളുടെ വിദ്യാര്‍ത്ഥി സംഘടനകളുടെ ഒക്കെ നിരീക്ഷണം ഈ രംഗങ്ങളില്‍ കാര്യമായി ഉണ്ടാവണം. ഈ വിപത്തിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇതു മാത്രം മതിയാകില്ല. മയക്കുമരുന്നിനു പിന്നില്‍ അന്താരാഷ്ട്ര മാഫിയകള്‍ തന്നെയുണ്ട്. അവര്‍ക്ക് നമ്മുടെ സംസ്ഥാനത്തു കാലുകുത്താന്‍ ഇടമുണ്ടാവരുത്. അതുറപ്പാക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഏകോപിതമായ നിലയില്‍ ഉണ്ടാവും. ഇവ രണ്ടും ചേരുന്നതാണ് ‘നോ റ്റു ഡ്രഗ്സ്’ എന്ന നമ്മുടെ കാമ്പയിന്‍.

മാരക വിഷവസ്തുക്കളായ രാസവസ്തുക്കളുടെ സങ്കലനങ്ങള്‍ പോലും ലഹരിക്കായി വിതരണം ചെയ്യപ്പെടുന്നു എന്നതു ഞെട്ടിക്കുന്ന കാര്യമാണ്. ഇവയുടെ ഉല്‍പ്പാദനം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിര്‍ത്തികള്‍ക്കപ്പുറത്തുകൂടി വ്യാപിച്ചു കിടക്കുന്നു. മയക്കുമരുന്നു വിപണനത്തിന്റെ സങ്കീര്‍ണമായ ശൃംഖലകള്‍ ഉണ്ടായിരിക്കുന്നു. അങ്ങേയറ്റം അപകടകരവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഭാഗമായി നടക്കുന്നു. ഇതെല്ലാം കണക്കിലെടുത്തു കൊണ്ടുള്ളതും കര്‍ക്കശങ്ങളായ നടപടികളുടെ അകമ്പടിയോടെയുള്ളതുമാവും നമ്മുടെ കാമ്പയിന്‍. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സമിതികള്‍ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായാണ് മറ്റു മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുള്ളത്. ഈ സമിതി ഇതിനു മേല്‍നോട്ടം വഹിക്കും.

ഒക്ടോബര്‍ രണ്ടു മുതല്‍ നവംബര്‍ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികളാണ് നടക്കുക. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലും, എല്ലാ മനസുകളിലും ‘നോ റ്റു ഡ്രഗ്സ്’ എന്ന സന്ദേശമെത്തണം. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മതസാമുദായിക സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഈ ക്യാമ്പയിനിലുണ്ടാവണം. സിനിമ, സീരിയല്‍, സ്പോര്‍ട്സ് മേഖലയിലെ പ്രമുഖരുടെ പിന്തുണയും ഉണ്ടാവും. നവംബര്‍ ഒന്നിനു സംസ്ഥാന തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൂര്‍വ വിദ്യാര്‍ഥികളെയും ഉള്‍പ്പെടെ പരമാവധിപ്പേരെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കാന്‍ എല്ലാവരും രംഗത്തു വരണം.

പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിക്കകയും, ബസ് സ്റ്റാന്റ്, റെയിവേ സ്റ്റേഷന്‍, ലൈബ്രറി, ക്ലബ്ബുകള്‍, എന്നിവിടങ്ങളില്‍ ജനജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. ലഹരിക്കെതിരായ ഹ്രസ്വസിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ ക്ലാസും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും ഈ ക്യാമ്പയിന്റെ ഭാഗമായി ഉണ്ടാവും. ബസ് സ്റ്റാന്റുകളിലും ക്ലബ്ബുകളടക്കമുള്ള ഇടങ്ങളിലും ഇത്തരത്തില്‍ പരിപാടികള്‍നടക്കണം. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ റോള്‍പ്ലേ, സ്‌കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റര്‍ രചന, തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണം. എന്‍ സി സി, എസ് പി സി, എന്‍ എസ് എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ജെ ആര്‍ സി, വിമുക്തി ക്ലബ്ബുകള്‍ മുതലായ സംവിധാനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ടാകും കാമ്പയിന്‍.

ശ്രദ്ധ, നേര്‍ക്കൂട്ടം എന്നിവയുടെ പ്രവര്‍ത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, സാമൂഹ്യാഘാതങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പരിശീലനത്തിലേക്കും നാം കടക്കുകയാണ്. വിമുക്തി മിഷനും എസ് സി ഇ ആര്‍ ടിയും ചേര്‍ന്ന് തയാറാക്കുന്ന മൊഡ്യൂളുകള്‍ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കുകയുള്ളൂ.

വ്യാപാര സ്ഥാപനങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ് – എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ ബോര്‍ഡില്‍ ഉണ്ടാകണം. എല്ലാ എക്സൈസ് ഓഫീസിലും ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

സംസ്ഥാനമൊട്ടാകെ പോലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. കേവലം കാമ്പയിനില്‍ ഒതുങ്ങി നില്‍ക്കുന്ന പ്രവര്‍ത്തനമല്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുക. ഒരു തലത്തില്‍ ബോധവത്ക്കരണം, മറ്റൊരു തലത്തില്‍ മയക്കുമരുന്നു ശക്തികളെ കര്‍ക്കശമായി അടിച്ചമര്‍ത്തല്‍, രണ്ടുമുണ്ടാവും. വിട്ടുവീഴ്ചയില്ലാതെ കേസെടുക്കും. നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായി ലഹരി കടത്തുകുറ്റകൃത്യങ്ങള്‍ വലിയതോതില്‍ തടയാന്‍ സാധിക്കുന്നുണ്ട്. മയക്കുമരുന്നിനെതിരെ സംസ്ഥാന തലത്തില്‍ കേരള ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും ജില്ലാ തലത്തില്‍ ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കൂടാതെ എല്ലാ സ്റ്റേഷന്‍ പരിധിയിലും എല്ലാ മാസവും രണ്ട് ആഴ്ച എന്‍ ഡി പി എസ് സ്പെഷ്യല്‍ ഡ്രൈവും നടത്തി വരുന്നുണ്ട്.

സിന്തറ്റിക് രാസലഹരി വസ്തുക്കള്‍ തടയുന്നതു മുന്‍നിര്‍ത്തി അന്വേഷണ രീതിയിലും കേസുകള്‍ ചാര്‍ജ് ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങള്‍ വരുത്തും. നാര്‍ക്കോട്ടിക് കേസുകളില്‍പ്പെട്ട പ്രതികളുടെ മുന്‍ ശിക്ഷകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഇപ്പോള്‍ വിശദമായി ചേര്‍ക്കുന്നില്ല. എന്‍ ഡി പി എസ് നിയമത്തിലെ 31, 31-എ വിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പുവരുത്താന്‍ മുന്‍കാല കുറ്റകൃത്യങ്ങള്‍ കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുക, കാപ്പ രജിസ്റ്റര്‍ മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കുക, ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയിലേക്കു നീങ്ങുകയാണ്. കുറ്റകൃത്യം ആവര്‍ത്തിക്കുകയില്ല എന്ന ബോണ്ട് വയ്പ്പിക്കും, മയക്കുമരുന്ന് കടത്തില്‍ പതിവായി ഉള്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും.

ട്രെയിനുകള്‍ വഴിയുള്ള കടത്തു തടയാന്‍ സ്നിഫര്‍ ഡോഗ് സ്‌ക്വാഡ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കും. മയക്കുമരുന്ന് കടന്നുവരാനിടയുള്ള എല്ലാ അതിര്‍ത്തികളിലെയും പരിശോധന കര്‍ക്കശമാക്കുകയും ചെയ്യും. വിദ്യാഭ്യാസ സ്ഥാപന പരിസരത്തുള്ള കടകളില്‍ ലഹരി വസ്തു ഇടപാടു കണ്ടാല്‍ ആ കട അടപ്പിക്കും. പിന്നീട് തുറക്കാന്‍ അനുവദിക്കില്ല. സ്‌കൂളുകളില്‍ പ്രവേശിച്ചുള്ള കച്ചവടം പൂര്‍ണമായും തടയും. മയക്കുമരുന്ന് ഉത്പാദകരെയും വിതരണക്കാരെയും വില്‍പ്പനക്കാരെയും ദേശവിരുദ്ധ സാമൂഹ്യദ്രോഹ ശക്തികളായി കാണുന്ന ഒരു സംസ്‌കാരം ഇവിടെ ശക്തിപ്രാപിക്കണം. പി ഐ ടി എന്‍ ഡി പി എസ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക നിയമം പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. ഈ കാര്യത്തില്‍ കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഉത്തരവ് സംസ്ഥാന സര്‍ക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നല്‍കേണ്ടത്. പി ഐ ടി എന്‍ ഡി പി എസ് ആക്ട് പ്രകാരമുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരും എക്സൈസ് ഉദ്യോഗസ്ഥരും തയാറാകണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കേസുകളില്‍ ഒന്നിലധികം തവണ ഉള്‍പ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഒരു ഹിസ്റ്ററി ഷീറ്റ് തയാറാക്കി പോലീസ് സ്റ്റേഷനുകളിലും എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കാനും അവരെ നിരന്തരം നിരീക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം നടപടികള്‍കൊണ്ട് മാത്രം ഈ കാര്യങ്ങള്‍ പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപിതവും സംഘടിതവുമായ സംവിധാനം ഉണ്ടാകണം. നമ്മുടെ നാടാകെ ചേര്‍ന്നു കൊണ്ടുള്ള ഒരു നീക്കമാണ് ആവശ്യം. അതാണ് ‘നോ റ്റു ഡ്രഗ്സ്’ എന്ന ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഈ കാമ്പയിന്റെ ഭാഗമായി എല്ലാ കുടുംബശ്രീ യൂണിറ്റുകളിലും ലഹരി വിപത്ത് സംബന്ധിച്ച പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കണം.

ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി പ്രത്യേക യൂണിറ്റ് യോഗങ്ങള്‍ ചേരണം. ലഹരി ഉപഭോഗമോ, വിതരണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച കൃത്യവും വിശദവുമായ നിര്‍ദേശങ്ങള്‍ നല്‍കണം. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ കൈമാറണം. ചര്‍ച്ചയ്ക്കു സഹായകമാകുന്ന കുറിപ്പ് വിമുക്തി മിഷന്‍ തയാറാക്കി നല്‍കിയിട്ടുണ്ട്.
വ്യാവസായിക വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളുമുള്ള ഉത്പാദനോന്മുഖമായ നവകേരളമാണ് നാം ലക്ഷ്യംവെക്കുന്നത്. ഉത്പാദനോന്മുഖം എന്നു പറയുമ്പോള്‍ കേവലം വ്യാവസായികോത്പന്നങ്ങള്‍ മാത്രല്ല അതില്‍പ്പെടുന്നത്. വിജ്ഞാനവും വിനോദവും അടക്കം ആധുനികസമൂഹം ആവശ്യപ്പെടുന്നതെല്ലാം അതിലുണ്ടാകും. അതിന് ശാരീരികവും മാനസികവുമായ ശേഷിയുള്ള ജനതയുണ്ടാകണം. എല്ലാ വ്യക്തികളും അവരവര്‍ക്കു കഴിയുന്ന തരത്തില്‍ സാമൂഹിക പുരോഗതിക്കായി സംഭാവന നല്‍കുന്ന ഒരു കേരളസമൂഹമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ നിരവധി പ്രതിബന്ധങ്ങള്‍ നമുക്കു തട്ടിമാറ്റേണ്ടതായുണ്ട്.

സമൂഹത്തിന്റെ ഉത്പാദനോന്മുഖമായ സ്വഭാവത്തെ റദ്ദുചെയ്തു കളയുന്ന സാമൂഹിക തിന്മകളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ലഹരിയുടെ ഉപയോഗം. സ്വന്തം താല്‍ക്കാലിക ആനന്ദത്തിലേക്ക് ചുരുങ്ങുകയും സമൂഹത്തെക്കുറിച്ച് യാതൊരു ബോധവും ഉള്ളില്‍ പേറാതിരിക്കുകയും ചെയ്യുന്ന ഒറ്റപ്പെട്ട മനുഷ്യനെയാണ് ലഹരി ആത്യന്തികമായി സൃഷ്ടിക്കുന്നത്. താല്‍ക്കാലിക ആനന്ദമാണ്. അത് സ്ഥിരമായ തീവ്രവേദനയുടെ മുന്നോടി മാത്രമാണ്. ഈ രീതികള്‍ അനുവദിച്ചാല്‍ വ്യക്തി തകരും. കുടുംബം തകരും. സമൂഹവും തകരും. അതുണ്ടായിക്കൂടാ. ഈ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ കാമ്പയിന് തുടക്കം കുറിക്കുന്നത്.
ലഹരിവിരുദ്ധ കാമ്പയിനില്‍ വമ്പിച്ച തോതിലുള്ള ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നത് ഇതിന്റെ ഭാഗമായാണ്.

വിവിധ വകുപ്പുകള്‍ അവരുടേതായ നിലയ്ക്ക് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കിവരുന്നുണ്ട്. ഇവയ്ക്ക് ഒരു ഏകീകൃത സ്വഭാവം നല്‍കാന്‍ കഴിയേണ്ടതുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഈ കാമ്പയിനിന്റെ ഭാഗമായി ഉണ്ടാകും. വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗത്തിന്റെയും വിശദാംശങ്ങള്‍ സമാഹരിച്ച് ഏകോപിത കലണ്ടര്‍ തയാറാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സ്വതന്ത്ര ചര്‍ച്ചയും അവയുടെ ക്രോഡീകരണവുമുണ്ടാകും. സന്ദേശ ഗീതങ്ങള്‍ ഉള്‍പ്പെടുന്ന സന്ദേശ ജാഥകള്‍ കുട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലും കുട്ടികളുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ സംഘടിപ്പിക്കും. അതോടൊപ്പം തന്നെ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട ‘കരുതല്‍’ എന്ന പുസ്തകവും വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കുന്നതിന് ‘കവചം’ എന്ന പുസ്തകവും തയാറാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങളെ അധികരിച്ചുള്ള ചര്‍ച്ച എല്ലാമാസവും വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കും. അങ്ങനെ എല്ലാ പ്രായത്തിലുള്ള ആളുകളെയും പങ്കെടുപ്പിച്ചുള്ള വിശദമായ ഒരു കാമ്പയിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയാകെയും രക്ഷിക്കാന്‍ ഇതു വിജയിപ്പിച്ചേ പറ്റൂ. അമ്മമാരുടെ കണ്ണീരുണങ്ങാന്‍ ഇതു സാധ്യമാക്കിയേ പറ്റൂ. നാടിന്റെ ഭാഗധേയം നിര്‍ണയിക്കേണ്ട നാളത്തെ തലമുറകളെ ബോധത്തെളിച്ചത്തിലും ആരോഗ്യത്തിലും ഉറപ്പിച്ചു നിര്‍ത്താന്‍ ഇതു ഫലപ്രാപ്തിയിലെത്തിച്ചേ മതിയാവൂ. ഇതിന് കേരളമാകെ എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി എല്ലാ ഭേദചിന്തകള്‍ക്കുമതീതമായി ഒറ്റ മനസായി നില്‍ക്കണം. ആ സമൂഹമനസ് ഒരുക്കിയെടുക്ക കൂടിയാണ് ഈ കാമ്പയിനിലൂടെ നടക്കുകഎന്നും മുഖ്യമന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല ; 76,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കൊച്ചി: കോവിഡ് ചികിത്സയ്ക്ക് ഇര്‍ഷുറന്‍സ് തുക നല്‍കാത്ത സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി...

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോക്കിന് മുമ്പിൽ വെള്ളക്കെട്ട് ; ദുരിതത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും

0
കോഴഞ്ചേരി : മഴ ശക്തമായതോടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോക്കിന്...

ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച ; വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു

0
കാഞ്ഞങ്ങാട്: കാസർകോട് ചിത്താരി കെ.എസ്. ടി.പി. റോഡിൽ ടാങ്കർ ലോറിയിൽ നിന്നും...

തൊട്ടിപ്പാറ – തൈപ്പറമ്പിൽ പടി റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം...

0
മുണ്ടിയപ്പള്ളി : തൊട്ടിപ്പാറ - തൈപ്പറമ്പിൽ പടി റോഡിൽ ജല അതോറിറ്റിയുടെ...