ന്യൂഡൽഹി : ഔദ്യോഗിക കാര്യങ്ങൾ അറിയിക്കാനും ഉദ്യോഗസ്ഥർക്കിടയിൽ ആശയവിനിമയത്തിനുമായി വാട്സാപ്പിനു പകരം പുതിയ സംവിധാനം ഉണ്ടാക്കുന്നു. സാമൂഹ മാധ്യമം വഴിയുള്ള ആശയവിനിമയത്തിൽ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ‘ഗവൺമെന്റ് ഇൻസ്റ്റന്റ് മെസേജിങ് സിസ്റ്റം (ജിംസ്)’ എന്ന സംവിധാനമാണ് വികസിപ്പിക്കുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരെയെല്ലാം ജിംസിൽ ബന്ധിപ്പിക്കും. ഭാവിയിൽ വിവിധ സർക്കാർ സേവനങ്ങളെയും ജിംസുമായി സംയോജിപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് ഐ.ടി മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. നാഷണൽ ഇൻഫോർമാറ്റിക് സെന്ററി(എൻ.ഐ.സി)നാണ് ജിംസ് വികസിപ്പിക്കാനുള്ള മേൽനോട്ടച്ചുമതല.
എൻ.ഐ.സി.യുടെ ഇ-മെയിൽ ഐ.ഡി. വഴി ലോഗിൻ ചെയ്യാൻ പാകത്തിൽ സജ്ജമാക്കിയ ജിംസിന്റെ പ്രാരംഭഘട്ടത്തിനു തുടക്കമായി. എൻ.ഐ.സിയിലെ മൂവായിരം ജീവനക്കാരുടെ ആശയവിനിമയം ഇതിലൂടെയാണിപ്പോൾ. ജിംസ് പ്രാവർത്തികമാക്കാൻ വിവിധ മന്ത്രാലയങ്ങൾ, ബി.എസ്.എഫ്. എന്നിവയുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ.
വാട്സാപ്പിലുള്ള എല്ലാ ഫീച്ചറുകളും ജിംസിലുമുണ്ടാവും. വ്യക്തിഗത സംഭാഷണം, ഓഡിയോ-വീഡിയോ കോൾ, ചിത്രങ്ങളും ഫയലുകളും കൈമാറാനുള്ള സൗകര്യം എന്നിവയുണ്ടാവും. ഔദ്യോഗിക ഗ്രൂപ്പുകൾക്കു പുറമെ, സർക്കാർ ജീവനക്കാർക്കു സൗഹൃദഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനു തടസ്സമില്ല. രഹസ്യസ്വഭാവത്തിലുള്ളതും അഡ്മിൻ ഓൺലി ഗ്രൂപ്പുകളുമൊക്കെ ജിംസിൽ ഉണ്ടാക്കാം.