കൊച്ചി : മോഡലുകളുടെ മരണവും ഉടമക്കെതിരെ പോക്സോ കേസുമടക്കം വിവാദങ്ങള്‍ നിറഞ്ഞ ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയ നടപടി എക്സൈസ് വകുപ്പ് പിന്‍വലിച്ചു. ഈ മാസം ഒന്നിനാണ് എക്സൈസ് കമീഷണറുടെ ഉത്തരവ് പ്രകാരം ലൈസന്‍സ് പുനഃസ്ഥാപിച്ചുനല്‍കിയത്. ഇതിനുപിന്നില്‍ ഉന്നതരുടെ ഇടപെടലുണ്ടെന്നാണ് സൂചന. നമ്പര്‍ 18 ഹോട്ടലില്‍ നിശപാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങിയ മോഡലുകളാണ് ഒക്ടോബര്‍ 31ന് അര്‍ധരാത്രി അപകടത്തില്‍ മരണപ്പെട്ടത്. മോഡലുകള്‍ മരിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദം അവസാനിപ്പിക്കാന്‍ അധികാര സ്ഥാനങ്ങളിലുള്ളവര്‍ വലിയ ഇടപെടലുകള്‍ നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.സമയപരിധി കഴിഞ്ഞ് മദ്യം വിളമ്പല്‍, ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തിലാണ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി എക്സൈസ് ബാര്‍ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയത്.
എന്നാല്‍, ഇത് തെളിയിക്കാന്‍ പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്താന്‍ തയാറായില്ലെന്നതാണ് ഉയരുന്ന മറ്റൊരു ആരോപണം. തുടരന്വേഷണം നടത്താതെ കേസ് ദുര്‍ബലമാക്കുകയായിരുന്നുവെന്നും ആരോപണവും ഉയരുന്നുണ്ട്. അതേസമയം ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടാതെ ഒരാളുടെ പേരിലുള്ള ബാര്‍ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പുതുതായി ബാര്‍ ഉടമക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കേണ്ടത് പോലീസാണെന്നാണ് എക്സൈസ് വിശദീകരിക്കുന്നത്. നിലവില്‍ ബാര്‍ ഉടമക്കെതിരെ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയതിനും വാഹനാപകടം സംബന്ധിച്ചുള്ളതും പോക്സോ കേസുമാണ് നിലനില്‍ക്കുന്നത്. ഈ കേസുകളില്‍ ഏതെങ്കിലുമൊന്നില്‍ ശിക്ഷ വിധിച്ചാല്‍ മാത്രമേ ബാര്‍ ഉടമയുടെ പേരിലുള്ള ലൈസന്‍സ് റദ്ദ് ചെയ്യാന്‍ കഴിയൂ. ഇക്കാര്യങ്ങള്‍കാട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ശ്രീരാജ് എക്സൈസ് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കൂട്ടുപ്രതി സൈജു എം. തങ്കച്ചനെ ചോദ്യംചെയ്തു
വിവാദമായ ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റ് പ്രതിയായ പോക്സോ കേസില്‍ കൂട്ടുപ്രതി സൈജു എം തങ്കച്ചനെ പോലീസ് ചോദ്യം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ റോയി വയലാറ്റിന് സഹായം ചെയ്തത് സൈജുവാണെന്നാണ് പരാതി. കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍ റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതി. ഇരയായ പലരെയും കൊച്ചിയില്‍ എത്തിച്ചതെന്ന് പരാതിയില്‍ പറയുന്ന കോഴിക്കോട് സ്വദേശിനി അഞ്ജലി റീമ ദേവ് സൈജുവിന്റെ അടുത്ത സുഹൃത്തുമാണ്.
സൈജുവിന്റെ ഫോണില്‍നിന്ന് ചിത്രങ്ങളും ദൃശ്യങ്ങളുമുള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയെന്നും പോലീസില്‍ പരാതി നല്കിയാല് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഇരയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനായിരുന്നു ചോദ്യംചെയ്യല്‍. അഞ്ജലി നമ്പര്‍ 18 ഹോട്ടലില്‍ എത്തിയിരുന്നതായി സൈജു മൊഴി നല്‍കി.
ആരോപണങ്ങള്‍ നിഷേധിച്ച് അഞ്ജലി റീമ ദേവ്
ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ആരോപണങ്ങള്‍ നിഷേധിച്ച് അഞ്ജലി റീമ ദേവ്. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റ് പ്രതിയായ പോക്സോ കേസിലെ കൂട്ടുപ്രതിയാണ് അഞ്ജലി റീമ ദേവ്. തനിക്കെതിരെ ചിലര്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് പോക്സോ കേസെന്ന് അവര്‍ പറഞ്ഞു. ബിസിനസ് വിപുലമാക്കാന്‍ പണം കടം വാങ്ങിയിട്ടുണ്ട്. അതിന്റെ കണക്കുണ്ട്. അതിനും അപ്പുറത്ത് മനസ്സില്‍പോലും ചിന്തിക്കാത്ത കുറ്റങ്ങളാണ് ആരോപിക്കുന്നതെന്നും അവര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. തന്റെ ഓഫിസില്‍ ജോലി ചെയ്ത ആരും ഇങ്ങനെ പറയില്ല. ഹണിട്രാപ്പും കള്ളപ്പണ ഇടപാടുമൊക്കെ ആരാണ് ചെയ്യുന്നതെന്ന് വ്യക്തമായ ധാരണയുണ്ട്. താനത് പുറത്തു പറയാതിരിക്കാന്‍ വേണ്ടിയാണ് ഇതൊക്കെ അവര്‍ കാട്ടിക്കൂട്ടുന്നതെന്നും അഞ്ജലി പറഞ്ഞു.