കോന്നി : ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ കോന്നി മെഡിക്കൽ കോളേജ് ആംബുലൻസ് സർവീസ് നടത്താത്തത് ശബരിമല ബേസ് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോന്നി മെഡിക്കൽ കോളേജ് ആണ് ശബരിമല ബേസ് ആശുപത്രി ആക്കി മാറ്റിയിരിക്കുന്നത്. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കോന്നി മെഡിക്കൽ കോളേജിന് അനുവദിച്ച ആംബുലൻസ് ഡ്രൈവർമാരുടെ അനാസ്ഥ മൂലം സർവീസ് നടത്താത്തതാണ് ബേസ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കാൻ കാരണം. കോവിഡ് കാലഘട്ടത്തിലാണ് ആംബുലൻസ് ഇവിടേക്ക് എത്തിക്കുന്നത്. എന്നാൽ ആദ്യ സമയത്ത് തത്കാലിക ജീവനക്കാർ ആയിരുന്നു ആംബുലൻസ് ഓടിച്ചിരുന്നത്. എന്നാൽ പി എസ് സി വഴി നിയമനം ലഭിച്ച ജീവനക്കാർ ആണ് നിലവിൽ ആംബുലൻസ് ഓടിക്കുന്നത്. എന്നാൽ ഈ ജീവനക്കാർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും ആംബുലൻസിൽ രോഗികളുമായി സർവീസ് നടത്തുന്നില്ല എന്നാണ് ആക്ഷേപം. മാത്രമല്ല കുറച്ചു കാലങ്ങളായി മെഡിക്കൽ കോളേജിന് അടിയിലെ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റി ഇട്ട നിലയിൽ ആയിരുന്നു ഈ ആംബുലൻസ്.ഇത് മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ ആംബുലൻസ് നിർത്തിയിട്ട അവസ്ഥയാണ്.
മെഡിക്കൽ കോളേജ് ആംബുലൻസ് സർവീസ് നടത്താതെ വന്നതോടെ 108 ആംബുലൻസിനെ ആണ് ഇപ്പോൾ സാധാരണ ജനങ്ങൾ ആശ്രയിക്കുന്നത്. രാത്രിയിൽ എട്ട് മണി കഴിഞ്ഞാൽ 108 ആംബുലൻസ് സർവീസ് നടത്താത്തത് മൂലം സ്വകാര്യ ആംബുലൻസുകളെ ജനങ്ങൾക്ക് ആശ്രയിക്കേണ്ടി വരുന്നുണ്ട്. വലിയ തുക നൽകിയെങ്കിൽ മാത്രമേ സ്വകാര്യ ആംബുലൻസുകളിൽ കോട്ടയം മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് സാധാരണക്കാർക്ക് രോഗികളെ എത്തിക്കുവാൻ കഴിയു. ശബരിമല മണ്ഡല കാലം ആരംഭിച്ചു കഴിഞ്ഞാൽ അപകടങ്ങൾ ഉൾപ്പെടെ നടക്കാൻ സാധ്യത ഉള്ളതിനാൽ മെഡിക്കൽ കോളേജ് ആംബുലൻസ് സർവീസ് നടത്താതെ വരുന്നത് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കും. സംസ്ഥാന പാതയുടെ നിർമ്മാണത്തിന് ശേഷം നിരവധി വാഹനാപകടങ്ങൾ ഉൾപ്പെടെ കോന്നിയിൽ നടക്കുന്നതിനാൽ ഇത്തരത്തിൽ അപകടത്തിൽ പെടുന്നവരേ പോലും മറ്റ് ആശുപത്രിയിൽ കൊണ്ടുപോകാൻ മെഡിക്കൽ കോളേജ് ആംബുലൻസ് പ്രയോജനപെടുത്താം എന്നിരിക്കെയാണ് ജീവനക്കാരുടെ അനാസ്ഥകൊണ്ട് ആംബുലൻസ് സർവീസ് നടത്തുവാൻ കഴിയാതെ പോകുന്നത്.





























