ന്യൂഡല്‍ഹി : അതിശൈത്യത്തിൽ വിറങ്ങലിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. യുപി കാന്‍പൂരിൽ രക്തസമ്മർദം വർധിച്ചും രക്തം കട്ടപിടിച്ചും ഒരാഴ്ചക്കിടെ മരിച്ചത് 98 പേർ. ഇന്നലെ മാത്രം 14 മരണം റിപ്പോർട്ട് ചെയ്തു. 1.9 ഡിഗ്രി സെല്‍ഷ്യസാണ് ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഡൽഹിയിലും തുടരുന്ന അതി ശൈത്യം എല്ലാ പ്രായക്കാരെയും ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
യുപി കാൺപൂരിൽ ഒരാഴ്ചക്കിടെ രക്തസമ്മർദ്ദം വർധിച്ചും രക്തം കട്ടപിടിച്ചുo 44 പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും 54 പേർ ആശുപതിയിൽ എത്തും മുമ്പെയുമാണ് മരിച്ചത്. 333 പേർ ചികിത്സ തേടി. വിറ്റാമൻ C അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാനും ചെറുചൂടിൽ പാനീയങ്ങൾ കുടിക്കാനും ആരോഗ്യ വിദഗ്‌ധർ നിർദേശം നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ട് ദിവസം കൂടി അതി ശൈത്യവും ശക്തമായ മൂടൽ മഞ്ഞും തുടരുമെന്നാണ് കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഡൽഹി സഫ്ദർജങ്ങിൽ 1.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കാഴ്ചപരിധി കുറഞ്ഞതോടെ 50 ഓളം ട്രെയിനുകളും 30 ഓളം വിമാനങ്ങളും വൈകി. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ എന്നിവിടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. യുപി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾ ശൈത്യകാല അവധി നീട്ടിയിട്ടുണ്ട്.