തിരുവനന്തപുരം : മുൻ ജയിൽ ഡിഐജിയുടെ വീട്ടിൽ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ. ക്രിസ്മസ് തലേന്നാണ് മുൻ ഡിഐജി സന്തോഷിൻെറ വീട്ടിൽ മോഷണം നടന്നത്. സ്വർണവും ആറൻമുള കണ്ണാടി ഉള്‍പ്പെടെ ഡിഐജിക്ക് ലഭിച്ച ഉപഹാരങ്ങളുമാണ് മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഉത്തർപ്രദേശിലേക്ക് പോയ സംഘത്തിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ച് സാഹസികമായാണ് രണ്ട് പ്രതികളെ പിടികൂടിയത്. കരമന പോലീസാണ് അന്വേഷണം തുടങ്ങിയത്. വിരൽ അടയാള പരിശോധനയിൽ ഉള്‍പ്പെടെ പ്രതികളെ കുറിച്ച് ഒരു തുമ്പും പോലീസിന് ആദ്യം ലഭിച്ചില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധന സംശയമുള്ള രണ്ടുപേരിലേക്ക് എത്തി. ഇവർ താമസിച്ച ലോഡ്ജ് പോലീസ് കണ്ടെത്തി. മോഷണം നടന്നതിന് തൊട്ടടുത്ത ദിവസം ഇവർ ലോഡ്ജ് വിട്ടുപോയതോടെ സംശയം വർദ്ധിച്ചു.
ഒരു ആധാർ കാർഡാണ് ഇവിടെ നിന്നും ലഭിച്ചത്. യുപി സ്വദേശിയുടെ ആധാർ കാർഡ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ ഒരു മൊബൈൽ നമ്പറിലേക്കെത്തി. ദില്ലിയിലായിരുന്നു ടവർ ലൊക്കേഷൻ കാണിച്ചത്. ഈ നമ്പർ പരിശോധിച്ചു വരുമ്പോഴാണ് ഇതേ സംഘം കേരളത്തിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. മോഷ്ടാക്കള്‍ വരുന്ന ട്രെയിൽ മനസിലാക്കിയ പോലീസ് വർക്കയിൽ നിന്നും ട്രെയിൻ കയറാൻ തയ്യാറെടുത്തു. പക്ഷെ ട്രെയിനിൽ സഞ്ചരിച്ചിരുന്നു മനോജ്, വിജയ് കുമാർ എന്നിവർ തിരുവല്ലയിലിറങ്ങി. തിരുല്ലയിൽ കണ്ടുവെച്ചിരുന്ന ഒരു വീടായിരുന്നു പ്രതികളുടെ ലക്ഷ്യം. രാത്രി തന്നെ തിരുവല്ലയിലെത്തിയ പൊലിസ് സംഘം ലോഡ്ജിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് അന്തർസംസ്ഥാന മോഷണ സംഘത്തിലെ കണ്ണികളാണെന്ന് വ്യക്തമായത്.