പ്യോങ്ഗ്യാങ് : രാജ്യത്ത് ആദ്യത്തെ കൊറോണ വൈറസ് ബാധാ സംശയത്തെ തുടര്‍ന്ന് ഉത്തര കൊറിയന്‍ അതിര്‍ത്തി പട്ടണമായ കേസോങ്ങില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഭരണത്തലവന്‍ കിം ജോങ് ഉന്‍ അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചു ചേര്‍ത്തതായും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സംശയിക്കപ്പെടുന്ന ആൾക്ക് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ ഉത്തരകൊറിയയിലെ ആദ്യത്തെ കോവിഡ്-19 കേസായിരിക്കുമിതെന്ന് കെസിഎന്‍എ അറിയിച്ചു. ദക്ഷിണകൊറിയയില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ ആള്‍ക്കാണ് കോവിഡ് ബാധ സംശയിക്കുന്നത്. ജൂലായ് 19 ന് മടങ്ങിയെത്തിയ ഇയാള്‍ മൂന്ന് കൊല്ലം മുമ്പാണ് ദക്ഷിണ കൊറിയയിലേക്ക് പോയത്. ഇയാളെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനുള്ള മെഡിക്കല്‍ സജ്ജീകരണങ്ങള്‍ രാജ്യത്ത് അപര്യാപ്തമാണെന്ന കാര്യം അധികൃതരില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കോവിഡ് വ്യാപനം തുടരുമ്പോഴും ഉത്തരകൊറിയയില്‍ ഇതു വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. കോവിഡ് സംശയത്തെ തുടര്‍ന്ന് അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും കേസോങ്ങ് അടച്ചിടാനും കിം ജോങ് ഉന്‍ നിര്‍ദ്ദേശം നല്‍കി.
ചൈനയില്‍ വൈറസ് വ്യാപനം രൂക്ഷമായിത്തുടങ്ങിയ ജനുവരിയില്‍ തന്നെ രാജ്യാതിര്‍ത്തികള്‍ അടച്ചിടാന്‍ കിം നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ ആയിരക്കണക്കിനാളുകള്‍ക്ക് സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തുകയും ചെയ്തു. വൈറസ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ അതിര്‍ത്തി അടച്ചിടല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ അയവ് നല്‍കരുതെന്ന് ജൂലായ് മാസം ആദ്യം കിം ഉത്തരവിട്ടിരുന്നു.