യോഗപരിശീലനം: കൂടിക്കാഴ്ച 28 ന്
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന രണ്ടാം ബാല്യം എന്ന വാര്‍ഷിക പദ്ധതിയില്‍ യോഗപരിശീലകരെ നിയമിക്കുന്നതിനുളള കൂടികാഴ്ച ഈ മാസം 28 ന് രാവിലെ 10 ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. യോഗ്യത- ബിഎന്‍വൈഎസ്/ബിഎഎംഎസ്/എം.എസ്.സി യോഗ/ പിജി ഡിപ്ലോമ ഇന്‍ യോഗ/ യോഗ അസോസിയേഷന്‍ ഓഫ് കേരള നടത്തുന്ന യോഗ ട്രെയിനറുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് കോഴ്സ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡേറ്റയും സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0468 2610016, 9188959679.
അഭിമുഖം ഒക്ടോബര്‍ ആറിന്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഒക്ടോബര്‍ ആറിന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. യോഗ്യത – ബിഎസ്സി എംഎല്‍ടി/ഡിഎംഎല്‍ടി (ബ്ലഡ് ബാങ്ക് പരിചയം ഉളളവര്‍ക്ക് മുന്‍ഗണന). ഫോണ്‍ : 0468 2222364.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 27 ന്
ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, വെല്‍ഡര്‍, ടൂള്‍ ആന്റ് ഡൈ മേക്കര്‍, മെക്കാനിക്ക് ട്രാക്ടര്‍, വയര്‍മാന്‍, മെക്കാനിക് ഡീസല്‍, മെക്കാനിക്ക് കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്സ് ആന്റ് അപ്ലയന്‍സ്, സര്‍വേയര്‍, ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ തുടങ്ങിയ ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 10 ന് നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. യോഗ്യത – എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും /ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഫോണ്‍: 0479 2452210.
ഉപജില്ലാ കായികമേള 26 മുതല്‍
2022-23 വര്‍ഷത്തെ കോന്നി ഉപജില്ലാ കായികമേളയോട് അനുബന്ധിച്ചുളള ഗെയിംസ് ഇനങ്ങള്‍ സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ മൂന്നു വരെ നടത്തുമെന്ന് കോന്നി ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ അറിയിച്ചു.
(പിഎന്‍പി 2865/22)
വന്യജീവി വാരാഘോഷം: ജില്ലതല മത്സരങ്ങളില്‍ പങ്കെടുക്കാം
ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല മത്സരങ്ങള്‍ നടക്കും. എല്‍.പി, യു.പി, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/ കോളജ് വിഭാഗത്തിലുളള വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്,വാട്ടര്‍ കളര്‍ പെയിന്റിംഗ്, ഹയര്‍ സെക്കന്‍ഡറി /കോളജ് വിഭാഗത്തിലുളള വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചന മത്സരം എന്നിവ ഒക്ടോബര്‍ രണ്ടിന് രാവിലെ 9.15 മുതല്‍ 4.15 വരെയും, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി/കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രസംഗ മത്സരങ്ങള്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 10 മുതല്‍ നാലു വരെയും നടക്കും. താത്പര്യമുള്ള കുട്ടികള്‍ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എലിയറയ്ക്കലുളള സാമൂഹ്യ വനവത്കരണ വിഭാഗം, പത്തനംതിട്ട ഓഫീസുമായി ബന്ധപ്പെടണം. ജില്ലാതല മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കുളള സംസ്ഥാനതല മത്സരങ്ങള്‍ ഒക്ടോബര്‍ 8 ന് തേക്കടിയില്‍ നടത്തും. ഫോണ്‍ : 0468 2243452.
വിമുക്തഭടന്മാര്‍ക്ക് തൊഴിലവസരം
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സതേണ്‍ റീജിയന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാര്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കും. താത്പര്യമുള്ള വിമുക്തഭടന്മാര്‍ വിശദ വിവരങ്ങള്‍ക്കും , നിര്‍ദ്ദേശങ്ങള്‍ക്കുമായി www.aai.aero എന്ന വെബ്സൈറ്റില്‍ under the tab ‘CAREERS’ സന്ദര്‍ശിച്ച് അര്‍ഹമായ യോഗ്യതയുള്ള പക്ഷം അപേക്ഷ ഓണലൈന്‍ വഴി സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2961104.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍:
ടൂറിസം ദിനാചരണം സെപ്റ്റംബര്‍ 27 ന് പെരുന്തേനരുവിയില്‍
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക വിനോദസഞ്ചാര ദിനാചരണം പെരുന്തേനരുവി മൗണ്ടന്‍ മിസ്റ്റ് റിസോര്‍ട്ടില്‍ (ഡിറ്റിപിസി ടൂറിസ്റ്റ് ഫസിലിറ്റേഷന്‍ സെന്റര്‍) സെപ്റ്റംബര്‍ 27ന് രാവിലെ 11 ന് അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ‘റീതിങ്കിംഗ് ടൂറിസം’ എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം. വിനോദസഞ്ചാര ദിനാചരണത്തിന്റെ ഭാഗമായി 26 ന് ആറന്മുളയില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പെയിന്റിംഗ് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടറും ഡിറ്റിപിസി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യാ എസ് അയ്യര്‍ നിര്‍വഹിക്കും. 27ന് രാവിലെ പെരുന്തേനരുവിയില്‍ പ്രസംഗ മത്സരവും നടത്തും. വിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റും 27 ന് വിതരണം ചെയ്യും. താല്പര്യമുള്ള വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2311343, 9447709944, 8943747310, 9447756113.
എന്‍.എസ്.എസ് ദിനാചരണം നടന്നു
സര്‍ക്കാര്‍ തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി പുറമറ്റം സ്‌കൂളില്‍ എന്‍.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചു. എന്‍.എസ്.എസ് ദിനാചരണ സന്ദേശ യാത്രയോടെ തുടക്കം കുറിച്ച പരിപാടിയുടെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എല്‍.ദീപ പതാക ഉയര്‍ത്തി നിര്‍വഹിച്ചു. ഹണി പീറ്റര്‍ എന്‍.എസ്.എസ് ദിന സന്ദേശം കുട്ടികള്‍ക്ക് നല്‍കി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഇ.എസ്.റജി, അധ്യാപകരായ വേണുഗോപാല്‍, ശ്യാംകുമാര്‍, നിജു മാത്യു എന്നിവര്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി ജീവിതശൈലീ രോഗനിര്‍ണയവും, രക്ത ഗ്രൂപ്പ് നിര്‍ണയ ഏകദിന ക്യാമ്പും സംഘടിപ്പിച്ചു.
സസ്പെന്‍ഡ് ചെയ്തു
കുന്നം വെച്ചൂച്ചിറ പോസ്റ്റ് ഓഫീസില്‍ അറ്റാച്ച് ചെയ്തു പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ദേശീയ സമ്പാദ്യ പദ്ധതി ഓഫീസിലെ മഹിളാ പ്രധാന്‍ ഏജന്റായ എസ് ധന്യയെ ഏജന്‍സി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സസ്പെന്‍ഡ് ചെയ്തതായും മേലില്‍ നിക്ഷേപകര്‍ ഇടപാടുകള്‍ നടത്തരുതെന്നും പത്തനംതിട്ട ദേശീയസമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
സംരംഭകത്വ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാറിന്റെ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ എസ് സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ തിരഞ്ഞെടുത്ത 50 വയസിന് താഴെയുള്ള 25 യുവതി യുവാക്കള്‍ക്ക് സ്റ്റൈഫന്റോടുകൂടി ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ നാലു വരെ കളമശേരി കീഡ് ക്യാമ്പസില്‍ പരിശീലനം സംഘടിപ്പിക്കുന്നു.
ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 10ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :0484 2532890/2550322/9605542061.
സംരംഭകത്വ വര്‍ക്ക്ഷോപ്പ്
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ വര്‍ക്ക്ഷോപ്പ് ഒക്ടോബര്‍ 12 മുതല്‍ 14 വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്),കളമശ്ശേരി ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു. ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന കയറ്റുമതി ഇറക്കുമതി മേഖലയിലെ അവസരങ്ങളെ കുറിച്ചുള്ള വര്‍ക്ക്ഷോപ്പില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, കസ്റ്റംസ്, വിവിധ ഇന്‍ഡസ്ടറി എക്സ്പെര്‍ട്സ്, മറ്റ് വിദഗ്ദ്ധര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും.
വര്‍ക്ഷോപ്പില്‍ ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍, വിദേശ വ്യാപാരത്തില്‍ കസ്റ്റംസിന്റെ പങ്ക്, ക്രെഡിറ്റ് റിസ്‌ക് മാനേജ്മെന്റ്, എക്സ്പോര്‍ട്ട് ഫിനാന്‍സ്ആന്റ് റിസ്‌ക് മാനേജ്മെന്റ്, അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്സും, എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും ഉണ്ടായിരിക്കും. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കീഡി-ന്റെ വെബ്സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി ഒക്ടോബര്‍ മൂന്നിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫീസ് അടച്ച് രജിസ്റ്റര്‍ ചെയുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ -0484 2532890 / 2550322/9605542061.
സംരംഭകര്‍ക്കായി വെബിനാര്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്),വ്യവസായ വാണിജ്യ വകുപ്പ് സംരംഭകര്‍ക്ക് ഇകൊമേഴ്സിന്റെ സാധ്യതകള്‍ എന്ന വിഷയത്തെ കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫ്ലിപ്കാര്‍ട്ട് ഒഫീഷ്യല്‍സ് നയിക്കുന്ന പരിശീലനം ഒക്ടോബര്‍ ഒന്നിന് രാവിലെ 11 മുതല്‍ 12.30 വരെ ഓണ്‍ലൈന്‍ (സൂം പ്ലാറ്റ്ഫോം)മാര്‍ഗത്തിലൂടെ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സെപ്റ്റംബര്‍ 29ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-0484- 2532890/2550322.
യോഗ ഇന്‍സ്ട്രക്ടരുടെ ഒഴിവ്
നിരണം ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ്മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് മാസം 8000രൂപ നിരക്കില്‍ 40 വയസില്‍ താഴെ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഗവണ്‍മെന്റില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗപരിശീലന സര്‍ട്ടിഫിക്കറ്റോ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള യോഗ പി ജി സര്‍ട്ടിഫിക്കറ്റോ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎന്‍വൈഎസ് , എം എസ് സി (യോഗ), എം ഫില്‍ (യോഗ)സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് വെളളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ നാല്. അപേക്ഷ അയക്കേണ്ട വിലാസം:-മെഡിക്കല്‍ ഓഫീസര്‍, ഗവ. ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി,നിരണം,പത്തനംതിട്ട 689 621.
ഡോഗ് ക്യാച്ചേഴ്സിനെ ആവശ്യമുണ്ട്
വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് തെരുവുനായ്ക്കളെ പിടികൂടാന്‍ ഡോഗ് ക്യാച്ചേഴ്സിനെ ആവശ്യമുണ്ട്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. താത്പര്യമുളള സ്ത്രീകള്‍ / പുരുഷന്മാര്‍ സെപ്റ്റംബര്‍ 26 ന് ഉച്ചയ്ക്ക് മൂന്നിനുളളില്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0468 2350229.