തിരുവനന്തപുരം : ഒരു ലക്ഷം പ്രവര്‍ത്തകരുമായി രാജ്ഭവന്‍ വളഞ്ഞ് ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉറച്ച് ഇടതുമുന്നണി. നവംബര്‍ 15ന് ഇടതുമുന്നണി പ്രഖ്യാപിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാന്‍ ഇന്നലെ മുന്നണി നേതാക്കള്‍ക്കിടയിലെ അനൗപചാരികചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ബംഗാളില്‍ ഗവര്‍ണര്‍ക്കെതിരേ ആഞ്ഞടിച്ച് മമതാ ബാനര്‍ജി പൊതുവേദിയിലെത്തിയതു പോലെ പിണറായിയും രാജ്ഭവന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരേ പ്രസംഗിക്കും.
സംസ്ഥാനത്തിന്‍റെ ഭരണത്തലവനു നേരേ എതിര്‍ശബ്ദങ്ങളുമായി മുഖ്യമന്ത്രി രംഗത്തെത്തും. വൈസ് ചാന്‍സലര്‍മാരോട് രാജിയാവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് വിട്ടുവീഴ്ചയില്ലെന്ന് സര്‍ക്കാരും വിട്ടുകൊടുക്കില്ലെന്ന് ഗവര്‍ണറും ആവര്‍ത്തിക്കുമ്പോള്‍ ഭരണപ്രതിസന്ധിയിലേക്ക് നീങ്ങുന്ന അസാധാരണ രാഷ്ട്രീയസാഹചര്യത്തിലാണ് കേരളം. ഗവര്‍ണര്‍ക്കെതിരായ രാഷ്ട്രീയസമരത്തിന്‍റെ ഭാഗമായി സംസ്ഥാന ഭരണത്തലവനെതിരെ മുഖ്യമന്ത്രി നേരിട്ട് സമരരംഗത്തേക്കിറങ്ങുന്ന അസാധാരണസാഹചര്യത്തിനാകും ഇത് വഴി തുറക്കുക.
രാജ്ഭവന്‍ മാര്‍ച്ചില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നായി ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്താന്‍ എ.കെ.ജി സെന്‍ററില്‍ വര്‍ഗബഹുജന സംഘടനകളുടെ യോഗത്തില്‍ ധാരണയായി. വി.സിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് തടയിടാന്‍ സര്‍വകലാശാലാതലങ്ങളില്‍ നിന്നുകൊണ്ടുള്ള നിയമപോരാട്ടം തുടരാനാണ് സര്‍ക്കാര്‍നീക്കം. ഹൈക്കോടതിവിധി ഗവര്‍ണര്‍ക്കനുകൂലമായാലും അപ്പീല്‍ഹര്‍ജികളുമായി മുന്നോട്ട് പോകും.