തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്‌ത 26 ലെ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂര്‍ണമാകും. 25ന് അര്‍ധരാത്രി 12 മുതല്‍ 26ന് രാത്രി 12 വരെയാണ് പണിമുടക്ക്. 10 ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കില്‍ അണിചേരും.
ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര–സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക് ഇന്‍ഷുറന്‍സ് ജീവനക്കാരുടെയും സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. കര്‍ഷക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിന് മുന്നോടിയായി ചൊവ്വാഴ്‌ച അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ബുധനാഴ്‌ച വൈകിട്ട് തൊഴില്‍ കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനങ്ങളുണ്ടാകും. അവശ്യസേവന മേഖലകളില്‍ ഒഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പങ്കെടുക്കുമെന്നും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന തൊഴിലാളി കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് 25ന് അര്‍ധരാത്രി 12 മുതല്‍ 26ന് രാത്രി 12 വരെയാണ്. സ്വകാര്യ വാഹനങ്ങളോടും പണിമുടക്കുമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ടൂറിസം മേഖല, പാല്‍ പത്ര വിതരണം, ആശുപത്രി എന്നിവ ഒഴിവാക്കി. തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല.