കൊച്ചി: കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നവംബര്‍ 26 ന് ഗ്രാമീണ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങളിലും തെറ്റായ സാമ്പത്തിക നയത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ എന്ന് നേതൃത്വം അറിയിച്ചു. കേരളത്തില്‍ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ഗ്രാമീണ ഹര്‍ത്താല്‍ സംഘടിപ്പിക്കും. നഗര-ഗ്രാമ കേന്ദ്രങ്ങളില്‍ സംയുക്ത പ്രകടനങ്ങള്‍ കൂടാതെ വാര്‍ഡ് തലങ്ങളില്‍ ഗ്രാമീണ ഹര്‍ത്താലിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രകടനങ്ങളും സംഘടിപ്പിക്കും.
നവംബര്‍ 27 ന് ഡല്‍ഹിയില്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും സംയുക്ത പാര്‍ലമെന്റ് മാര്‍ച്ച് നടക്കും. ഈ മാര്‍ച്ചിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ ഏരിയാ, മണ്ഡലം കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ അന്ന് കര്‍ഷക മാര്‍ച്ചും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും സംഘടിപ്പിക്കും. കര്‍ഷകരുടെ നിലനില്‍പ്പിനുവേണ്ടിയുള്ള ഈ സമരത്തില്‍ സംയുക്ത കര്‍ഷക സമിതിയോടൊപ്പം കേരളത്തിലെ മുഴുവന്‍ കര്‍ഷകരും അണിനിരക്കണമെന്ന് സംയുക്ത കര്‍ഷക സമിതി സെക്രട്ടറി കെ എന്‍ ബാലഗോപാലും ചെയര്‍മാന്‍ സത്യന്‍ മൊകേരിയും അഭ്യര്‍ത്ഥിച്ചു.