തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കും. ആദ്യഘട്ടമായി അഞ്ചുജില്ലകളില്‍ തെരഞ്ഞെടുപ്പ് എട്ടിനാണ് നടക്കുന്നത്. അന്ന് ബന്ദ് ഉണ്ടായാല്‍ അത് തെരഞ്ഞെടുപ്പിനെ ബാധിക്കും. അതിനാലാണ് കേരളത്തെ ഒഴിവാക്കുന്നത്. അതേസമയം കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് ഇടത് പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു.
എന്നാല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ സമരമാര്‍ഗങ്ങള്‍ മറ്റു കര്‍ഷക സംഘടനകളുമായി ചര്‍ച്ചനടത്തി തീരുമാനിക്കുമെന്ന് കേരള കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ബന്ദില്‍നിന്ന് കേരളത്തെ ഒഴിവാക്കേണ്ടിവരുമെന്നും മറ്റുമാര്‍ഗങ്ങളുമായി കര്‍ഷക കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയും പറഞ്ഞു. കര്‍ഷകരുടെ പ്രക്ഷോഭത്തിനെതിരെ ബിജെപി നടത്തുന്ന അപകീര്‍ത്തിപരമായ പ്രചാരണത്തെ അപലപിക്കുന്നതായും ഇടത് പാര്‍ട്ടികള്‍ പ്രസ്താവനയില്‍ അറിയിച്ചു.