ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ വിവരശേഖരണം ഏപ്രില്‍ ഒന്നിന് തന്നെ ആരംഭിക്കും. രാജ്യത്തിന്റെ പ്രഥമ പൗരന്‍ കൂടിയായ രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്നാണ് ആദ്യം വിവരങ്ങള്‍ തേടുക. ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ വിവരങ്ങള്‍ തൊട്ടുപിന്നാലെ ദേശീയ ജനസംഖ്യ റജിസ്റ്ററിനായി ശേഖരിക്കും. എന്‍പിആറിനെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ജനങ്ങളെ അഭിസംബോധന ചെയ്യും.
ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ് ആദ്യഘട്ട വിവരശേഖരണം. മതാപിതാക്കളുടെ ജനന സ്ഥലം, തീയതി എന്നീ വിവാദ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്‍പിആറുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച കേരളവും ബംഗാളും കോണ്‍ഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളുമായും കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയം നടത്തിവരികയാണ്.