ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാപ്പട്ടിക (എന്‍.പി.ആര്‍.) തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ചോദ്യാവലിയില്‍ മാതാപിതാക്കളുടെ ജനനസ്ഥലവും ജനനത്തീയതിയും ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ കേരളവും ബംഗാളും പങ്കെടുത്തില്ല. രാജസ്ഥാനും ഛത്തീസ്ഗഢും എതിര്‍ത്തു. ഇവയുള്‍പ്പെടെ 21 ചോദ്യങ്ങളാണ് എന്‍.പി.ആറിലുള്ളത്. ഇതിനുമുമ്പ് ജനസംഖ്യാപ്പട്ടിക തയ്യാറാക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല. കേരളവും ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. എന്‍.പി.ആര്‍. നടപ്പാക്കില്ലെന്ന് രണ്ടുസംസ്ഥാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. യോഗത്തില്‍നിന്ന് വിട്ടുനിന്നതും അതുകൊണ്ടാണ്.
അതേസമയം സെന്‍സസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ രണ്ടു സംസ്ഥാനങ്ങളും പങ്കെടുത്തു. പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ആണ് കേരളത്തെ പ്രതിനിധാനം ചെയ്തത്. യോഗം ഇന്നും തുടരും. ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് ഉദ്ഘാടനംചെയ്തു. ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, സെന്‍സസ് കമ്മിഷണര്‍ ഡോ. വിവേക് ജോഷി എന്നിവര്‍ സംസാരിച്ചു.