ചങ്ങനാശ്ശേരി : ഇടത് നേതാക്കള്‍ അതിരുകടക്കുന്നുവെന്ന് എന്‍എസ്‌എസ്. ശബരിമല വിഷയത്തിന്റെ പേരില്‍ എന്‍എസ്‌എസിനെതിരെയുള്ള ചില ഇടതുപക്ഷ നേതാക്കളുടെ വിമര്‍ശനം അതിരുകടക്കുന്നുവെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്‌എസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസം ജീവവായു ആണെന്നും ഇത് മറക്കുന്നവര്‍ക്ക് തിരിച്ചടി ഉണ്ടാകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
വിശ്വാസവും ആചാരാനുഷ്‌ഠാനങ്ങളും സംരക്ഷിക്കുക എന്നതാണ് എന്‍എസ്‌എസിന്റെ നിലപാട്. ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതല്‍ ഇറങ്ങിത്തിരിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയാണ് എന്‍എസ്‌എസ് എന്നും നിലകൊണ്ടിട്ടുള്ളത്. വിശ്വാസം സംരക്ഷിക്കുന്നവര്‍ക്കൊപ്പമാണ് എന്നും എന്‍എസ്‌എസ്. അതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്‌എസിനോ, എന്‍എസ്‌എസ് നേതൃത്വത്തിലുള്ളവര്‍ക്കോ പാര്‍ലമെന്ററി മോഹങ്ങളൊന്നും തന്നെയില്ല. സ്ഥാനമാനങ്ങള്‍ക്കോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ വേണ്ടി ഏതെങ്കിലും സര്‍ക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതില്‍ക്കല്‍ പോയിട്ടുമില്ല. എന്‍എസ്‌എസിനെതിരായ വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നു. വിശ്വാസവും ആചാരാനുഷ്‌ഠാനങ്ങളും ജീവവായുവാണ്. അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോകുന്നവര്‍ക്ക് അതിന്റേതായ തിരിച്ചടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണെന്നും എന്‍എസ്‌എസ് താക്കീത് നല്‍കി.
ശബരിമല വിഷയത്തിലെ എന്‍എസ്‌എസ് നിലപാട് ആരെ സഹായിക്കാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ ചോദിച്ചിരുന്നു. ശബരിമലയെക്കുറിച്ചുള്ള എന്‍എസ്‌എസ് പ്രസ്‌താവനയില്‍ രാഷ്ട്രീയമുണ്ടെന്ന് പറയേണ്ടി വരുമെന്നും കാനം തുറന്നടിച്ചിരുന്നു.