കൊച്ചി: മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന സാമൂഹിക സാമ്പത്തിക സാമ്പിള്‍ സര്‍വേക്കെതിരെ എന്‍.എസ്.എസ്. സാമ്പിള്‍ സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസ് ഹൈകോടതിയില്‍ ഹർജി നല്‍കി. സര്‍വേയില്‍ ചെറിയ സാമ്പിള്‍ മാത്രമാണ് ശേഖരിക്കുന്നത്. അതിനാല്‍, സര്‍വേ വഴി കൃത്യമായ വിവരം ലഭിക്കില്ല. പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍വേയില്‍ മാനദണ്ഡമില്ല. സര്‍വേ കൊണ്ട് ലക്ഷ്യം നേടാനാവില്ലെന്നും പിന്നാക്കം നില്‍ക്കുന്നവരുടെ അവകാശം അട്ടിമറിക്കപ്പെടുമെന്നും എന്‍.എസ്.എസ് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കുടുംബശ്രീ മുഖേന മൊബൈല്‍ ആപ്പ് വഴിയുള്ള വിവരശേഖരം ഗുണം ചെയ്യില്ലെന്നും യഥാര്‍ഥ ചിത്രം അറിയാന്‍ സെന്‍സസ് മാതൃക തന്നെ വേണമെന്നുമാണ് എന്‍.എസ്.എസിന്‍റെ ആവശ്യം. വാര്‍ഡുകളിലെ അഞ്ച് കുടുംബങ്ങളുടെ മാത്രം വിവരം ശേഖരിച്ചാല്‍ സമഗ്രമാകില്ല. യോഗ്യരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയില്ലെങ്കില്‍ സര്‍വേ പ്രഹസനമാകും. സംസ്ഥാനത്തെ മുന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട എല്ലാ കുടുംബങ്ങളിലെയും വിവരങ്ങള്‍ ശേഖരിക്കാത്ത സര്‍വേ അശാസ്ത്രീയമാണ്.
രാജ്യത്ത് സെന്‍സസ് എടുക്കുന്ന മാതൃകയില്‍ യോഗ്യരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് സര്‍വേ നടത്തേണ്ടത്. അല്ലാത്തപക്ഷം പ്രഹസനമായിത്തീരും. മുന്നാക്ക സമുദായങ്ങളെ സംബന്ധിച്ചായാലും സര്‍ക്കാരിനെ സംബന്ധിച്ചായാലും സര്‍വേ ഭാവിയില്‍ ആധികാരിക രേഖയായി മാറേണ്ടതാണെന്ന കരുതല്‍ വേണം. സംവരണമില്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുമായ മുന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം അനുവദിച്ചിരുന്നു.
നാലുലക്ഷം രൂപയോ അതില്‍ താഴെയോ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ഈ വിഭാഗത്തില്‍ സംവരണത്തിന് അര്‍ഹതയുള്ളത്. ഇതിന് വിജ്ഞാപനം ഇറക്കിയതിനൊപ്പം മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡം നിശ്ചയിക്കാന്‍ നിയമവകുപ്പ് സെക്രട്ടറിയായിരുന്ന കെ. ശശിധരന് നായര്‍ അധ്യക്ഷനായ സമിതിയെയും നിശ്ചയിച്ചു.
സമിതിയുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് സര്‍വേ. കുടുംബ ഭൂസ്വത്ത് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണെങ്കില്‍ രണ്ടര ഏക്കറിലും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 75 സെന്റിലും കോര്‍പറേഷനില്‍ 50 സെന്റിലും കൂടാന്‍ പാടില്ല. 160ലേറെ മുന്നാക്ക സമുദായങ്ങളെയാണ് സാമ്പത്തിക സംവരണത്തിന് അര്‍ഹരായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.