ചങ്ങനാശേരി: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായി ജി. സുകുമാരന്‍ നായര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി നാലാം തവണയാണ് അദ്ദേഹം ഈ പദവിയില്‍ എത്തുന്നത്. ട്രഷററായി ഡോ. എം.ശശികുമാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആര്‍. ബാലകൃഷ്ണപിള്ള ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി. 58 വര്‍ഷമായി എന്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായ സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പത്താം തവണയാണ് ബജറ്റ് അവതരിപ്പിച്ചത്.
സുകുമാരന്‍ നായര്‍ ഉള്‍പ്പെടെ 9 പേരെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്കു തെരഞ്ഞെടുത്തു. ഇന്നലെ ഓണ്‍ലൈനായി നടന്ന ബജറ്റ് സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. എന്‍എസ്‌എസില്‍ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള സുകുമാരന്‍ നായര്‍ 2011 ജൂണ്‍ മുതല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുകയാണ്.
സാമ്പത്തികവും തൊഴില്‍പരവുമായ ഉന്നമനത്തിനായും സ്വന്തം സമുദായത്തിന്റെ പുരോഗതിക്കും അതിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായും പ്രവര്‍ത്തിക്കുമെന്ന സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ സന്ദേശം പിന്തുടര്‍ന്നാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്ന് ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതു തുടരുമെന്നും ഇതിനാവശ്യമായ നിലപാടുകള്‍ യഥാസമയം എടുത്തു മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.