പത്തനംതിട്ട : എൻഎസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടു. പ്രൊഫ. കെ.ജി ദേവരാജന്‍ നായര്‍ ചെയര്‍മാനായി പുതിയ അഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. 2022 ഡിസംബർ 25ന് തെരഞ്ഞെടുപ്പിലൂടെ വന്ന ഭരണസമിതിയെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്. അഡ്വ.ഹരിദാസ് ഇടത്തിട്ടയായിരുന്നു പ്രസിഡന്റ്. അടുത്ത നാളില്‍ ഇത് രണ്ടാം തവണയാണ് പത്തനംതിട്ട താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട് അഡ് ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കുന്നത്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന അഡ്വ.സോമനാഥൻ നായരുടെ നിര്യാണത്തെ തുടർന്ന് 2020 ഡിസംബറിൽ ഹരിദാസ് ഇടത്തിട്ട താൽക്കാലിക പ്രസിഡന്റ് ആയി. എന്നാല്‍ ആരോപണങ്ങളെ തുടര്‍ന്ന് ഈ ഭരണസമിതി പിരിച്ചുവിട്ട് അഡ് ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കി. 2022 ഡിസംബറിൽ തെരഞ്ഞെടുപ്പിലൂടെ ഹരിദാസ് ഇടത്തിട്ട പ്രസിഡണ്ടും പ്രൊഫ. കെ.ജി ദേവരാജന്‍ നായര്‍ വൈസ് പ്രസിഡണ്ടുമായി പതിനെട്ട് അംഗ ഭരണസമിതി അധികാരത്തില്‍ വന്നു.
യൂണിയനിലെ നാല്പതോളം കരയോഗങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താതെയും വിഭാഗീയത സൃഷ്ടിച്ചുമാണ് ഹരിദാസ് ഇടത്തിട്ട മുന്നോട്ടു പോകുന്നതെന്ന് വിവിധ കരയോഗങ്ങളിൽ നിന്നും കരയോഗ നേതാക്കളിൽ നിന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. കൂടാതെ നിരവധി അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഭരണസമിതിയുടെ ആദ്യഘട്ടത്തിൽ എൻഎസ്എസ് രജിസ്ട്രാർ പി എൻ സുരേഷിന്റെ സഹായത്താലാണ് ഇതൊക്കെ നടന്നതെന്നും ആരോപണം ഉണ്ടായി. ഇതിനെ തുടര്‍ന്ന് രജിസ്ട്രാറെ നീക്കം ചെയ്തിരുന്നു. ഹരിദാസ് ഇടത്തിട്ട, അഖിലേഷ് കാര്യാട്ട്, എ.ആര്‍ രാജേഷ്, അജിത് കുമാർ, പ്രദീപ്, ശ്രീജിത്ത് എന്നിവരെ പൂർണ്ണമായും ഒഴിവാക്കിയാണ് നിലവിലെ വൈസ് പ്രസിഡന്റ് പ്രൊഫസർ ദേവരാജൻ ചെയർമാനായി പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. പഴയ സമിതിയിലെ 11 പേരെ നിലനിർത്തി നാലു പുതിയ അംഗങ്ങളെയും എടുത്തിട്ടുണ്ട്. പത്മാ കഫേ നടത്തിപ്പ് അടക്കം യൂണിയൻ സമീപകാലത്ത് ആവിഷ്കരിച്ച് നടപ്പിലാക്കിയ പല പരിപാടികളിലെയും അഴിമതി ആരോപണം നിലനിൽക്കെയാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കര്‍ശന നടപടി.