ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷനല്‍ സ്റ്റുഡന്റ്സ് യൂണിയന്റെ ജോയിന്റ് സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തയുമായ രുചി ഗുപ്ത പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പഴിചാരിയാണ് അവര്‍ പാര്‍ട്ടി വിടുന്നത്. രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് കെ.സി വേണുഗോപാല്‍.
രുചിയെ രാഹുല്‍ ഗാന്ധി തന്നെയാണ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചത്. എന്‍.എസ്.യുവിന്റെ വാട്സാപ് ഗ്രൂപ്പില്‍ അയച്ച സന്ദേശത്തിലാണ് പാര്‍ട്ടി വിടുന്നതു സംബന്ധിച്ച നിലപാട് രുചി വ്യക്തമാക്കിയത്. സംഘടനാ തലത്തിലുണ്ടാകുന്ന കാലതാമസങ്ങളാണ് രാജിക്ക് കാരണമെന്നും രുചി വ്യക്തമാക്കി. തീരുമാനങ്ങളെടുക്കുന്നതില്‍ തടസ്സം നില്‍ക്കുന്നത് കെ.സി വേണുഗോപാലാണ്. എന്‍.എസ്.യു സംസ്ഥാന യൂണിറ്റുകള്‍ പുനസംഘടിപ്പിക്കുന്നതില്‍ വേണുഗോപാല്‍ തടസം സൃഷ്ടിക്കുന്നെന്നും രുചി പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റിന്റെ മുന്നിലേക്ക് പല കാര്യങ്ങളും എത്തിക്കാനാവില്ലെന്നും രാജി അറിയിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ അവര്‍ വ്യക്തമാക്കുന്നു.
സംഘടനാ തലത്തില്‍ വരുത്തുന്ന കാലതാമസം പാര്‍ട്ടിയെ നാശത്തിലേക്കു നയിക്കും. കോണ്‍ഗ്രസിന് ശക്തമായ നേതൃത്വം ആവശ്യമുണ്ട്. രാഹുല്‍ ഗാന്ധിക്കു മാത്രമേ ആ നേതൃത്വം നല്‍കാനാകൂവെന്നും രുചി വ്യക്തമാക്കുന്നു.