ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ലോക്‌സഭാ അംഗബലം 543 ആയി അടുത്ത 25 വര്‍ഷത്തേക്ക് കൂടി തുടരണം എന്നാണ് ഖര്‍ഗെ കത്തില്‍ ആവശ്യപ്പെടുന്നത്. ലോക്‌സഭയിലെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യവും അടുത്ത 25 വര്‍ഷത്തേക്ക് മാറ്റമില്ലാതെ തുടരണം. 2029 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ വനിതാ സംവരണം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.രാഷ്ടീയ പാര്‍ട്ടികള്‍ക്ക് മണ്ഡല പുനര്‍നിര്‍ണയ നിര്‍ദേശങ്ങള്‍ പഠിക്കാന്‍ മതിയായ സമയം നല്‍കണം എന്നും കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ശ്രമിച്ചതുപോലെ ബില്‍ നിര്‍ബന്ധപൂര്‍വ്വം പാസാക്കാന്‍ ശ്രമിക്കരുതെന്നും ഖര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ സര്‍വകക്ഷിയോഗം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഖാര്‍ഗെ കഴിഞ്ഞ മാസം കത്ത് അയച്ചിരുന്നു. പ്രത്യേക സമ്മേളനം വിളിക്കുമെന്ന സൂചന പാര്‍ലമെന്ററി കാര്യമന്ത്രി ടെലിവിഷന്‍ അഭിമുഖത്തില്‍ നല്‍കിയതിന് പിന്നാലെയാണ് വീണ്ടും കത്തയച്ചിരിക്കുന്നത്.ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, പാര്‍ലമെന്റിന്റെ മറ്റൊരു സമ്മേളനം കൂടി ചേരാനുള്ള സാധ്യത പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു തള്ളിക്കളഞ്ഞിരുന്നില്ല.
മണ്‍സൂണ്‍ സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ലെന്നും നിലവിലുള്ള സമ്മേളനം ഔദ്യോഗികമായി പിരിച്ചുവിടാതെ തന്നെ സഭ വീണ്ടും വിളിച്ചുചേര്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.സഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ട് പത്തുദിവസം കഴിഞ്ഞിട്ടും ലോക്സഭയുടെ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് ചോദ്യം ഉയര്‍ത്തിയിരുന്നു. ‘മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പ്രത്യേക സമ്മേളനത്തില്‍ പാസാക്കിയെടുക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായുള്ള അന്വേഷണത്തിലാണോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇപ്പോഴും’ എന്നും അവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
































