പത്തനംതിട്ട : കാർഷികസേവനങ്ങൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പ് തയാറാക്കിയ ‘കതിർ ആപ്പി’ൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ എണ്ണം 37,000 കടന്നു. വെള്ളിയാഴ്ച വരെ 37,089 കർഷകരാണ് രജിസ്റ്റർ ചെയ്തത്. 1,115 കൃഷിക്കൂട്ടങ്ങളും ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 20കർഷകർ അടങ്ങുന്ന കൃഷിക്കൂട്ടങ്ങൾക്കാണ് രജിസ്ട്രേഷൻ. കാലാവസ്ഥ മുന്നറിയിപ്പ്, കീടങ്ങളും രോഗങ്ങളുംസംബന്ധിച്ച മുന്നറിയിപ്പുകൾ, മണ്ണ് പരിശോധന, സബ്സിഡി സംബന്ധിച്ച അറിയിപ്പുകൾ, വിപണി സംബന്ധിച്ച വിവരങ്ങൾ അടക്കമുള്ള കർഷകർക്ക് ലഭ്യമാക്കാനായി കഴിഞ്ഞ ആഗസ്റ്റ് 17നാണ് ആപ്പിന് തുടക്കമിട്ടത്. എളുപ്പത്തിലും വേഗത്തിലും വിവിധ സേവനങ്ങൾ ലഭ്യമാക്കുക,
കൃത്യസമയത്തുള്ള വിവര ശേഖരണം എന്നിവയാണ് ആപ്പ് ലക്ഷ്യമിടുന്നത്. രജിസ്റ്റർ ചെയ്യുന്നവർക്ക് കർഷക ഐ.ഡി കാർഡും നൽകും. ഇതുവരെ 17,967 പേരുടെ ഐ.ഡി കാർഡ് അപേക്ഷകളും അംഗീകരിച്ചിട്ടുണ്ട്. അതിനിടെ, ചില ഭാഗങ്ങളിൽ രജിസ്ട്രേഷൻ നടത്താൻ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്. വിവരങ്ങളും കൃഷിയിടത്തിന്റെ മാപ്പും അടക്കം നൽകിയുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഏറെ സമയം വേണമെന്ന് ഇവർ പറയുന്നു. ഇതിനിടെ പലപ്പോഴും നെറ്റ് നഷ്ടപ്പെടുന്നതുമൂലം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.





























