മലപ്പുറം: നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് പെട്രോളും നമ്പര്‍ പ്ലേറ്റും അടിച്ച് മാറ്റിയപ്പോള്‍ ഉടമ സ്വപ്നത്തില്‍പ്പോലും കരുതിയിട്ടുണ്ടാവില്ല മറ്റ് ജില്ലയില്‍ നിന്ന് പിഴ വരുമെന്ന്. മലപ്പുറം ചെമ്മാട് സികെ നഗറിലെ കൊളക്കാടൻ പുളിക്കൽ കെ.പി.അഷ്‌റഫിനാണ് ആലപ്പുഴ അരൂരിൽ നിന്ന് നിയമ ലംഘനത്തിന് നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ 14നാണ് ഇയാളുടെ ബൈക്കിന്റെ നമ്പർ പ്ലേറ്റും പെട്രോളും മോഷ്ടാവ് കവർന്നത്. 12നാണ് രാത്രി സുഹൃത്തുക്കളോടൊപ്പം യാത്ര പോകുന്നതിനു മുൻപ് അഷ്‌റഫ് ബൈക്ക് ചെമ്മാട് സികെ നഗർ റോഡ് ജംക്ഷനിൽ സുരക്ഷിതമായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. 14ാം തിയതി തിരികെ വന്ന് ബൈക്ക് എടുക്കാന്‍ നോക്കുമ്പോഴാണ് പെട്രോളും നമ്പര്‍ പ്ലേറ്റും കാണാതായത് ശ്രദ്ധിച്ചത്.
അടുത്ത ദിവസം തന്നെ റോഡ് നിയമ ലംഘനത്തിനുള്ള മൊബൈലില്‍ പിഴയടക്കാനുള്ള നോട്ടീസ് എത്തി. ആലപ്പുഴ അരൂരിൽ നിന്നായിരുന്നു ട്രാഫിക് പോലീസിന്റെ മൊബൈൽ സന്ദേശം. അഷ്‌റഫിന്റെ കെഎൽ 55 വൈ 5003 നമ്പർ ബൈക്ക് 15ന് രാവിലെ 11.21ന് നിയമലംഘനം നടത്തിയതിന് പിഴ അടയ്ക്കണം എന്നായിരുന്നു സന്ദേശം. ഓൺലൈനിൽ പരിശോധിച്ചപ്പോൾ ബൈക്കിന്റെ ഫോട്ടോയും കണ്ടു. എന്നാല്‍ ബൈക്കിലെ യാത്രക്കാര്‍ മറ്റ് രണ്ട് പേര്‍ ആയിരുന്നുവെന്ന് മാത്രം. മോഷ്ടിച്ച നമ്പർ പ്ലേറ്റ് ഈ ബൈക്കിന് ഘടിപ്പിച്ചതായാണ് അഷ്‌റഫ് കരുതുന്നത്. ഇതോടെ ആലപ്പുഴ ട്രാഫിക് പൊലീസ്, തിരൂരങ്ങാടി പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവർക്ക് പരാതി നൽകി നടപടികള്‍ക്കായി കാത്തിരിക്കുകയാണ് അഷ്റഫ്.