പത്തനംതിട്ട: കന്യാസ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ സാമുവല്‍ കൂടലിനെതിരെ വനിത കമ്മീഷന്‍ കേസെടുത്തു. ഭാഗ്യലക്ഷ്‌മി അടക്കമുളളവരുടെ പരസ്യ പ്രതിഷേധം നേരിടേണ്ടി വന്ന വിജയ് പി നായര്‍ക്കെതിരെ ഉയര്‍ന്ന സമാന ആരോപണമാണ് സാമുവല്‍ കൂടലിനെതിരെയും കന്യാസ്‌ത്രീകള്‍ ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയായ സാമുവല്‍ യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. അതിലൂടെയും ഫേസ് ബുക്കിലൂടെയും വൈദികരെയും കന്യാസ്ത്രീകളെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാന്ന് പരാതി.
സാമുവലിനെതിരെ 139 പരാതികളാണ് വനിത കമ്മീഷന് ലഭിച്ചിരിക്കുന്നത്. ആദ്യം നല്‍കിയ പരാതി വനിത കമ്മിഷന്‍ ഗൗരവമായി എടുക്കാതെ വന്നതോടെ പരാതികള്‍ കൂട്ടത്തോടെയെത്തുകയായിരുന്നു. വിവിധ ജില്ലകളില്‍ നിന്നായാണ് ഇത്രയും പരാതികള്‍ എത്തിയത്. ഇതോടെ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ വനിത കമ്മീഷന്‍ കേസെടുക്കുകയായിരുന്നു. സാമുവലിനെതിരായ പരാതികള്‍ സൈബര്‍ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നറിയാന്‍ നിയമോപദേശം തേടിയിരിക്കുകയാണ്. വിജയ് പി നായര്‍ക്കെതിരെ ഉണ്ടായ അതേ നടപടി ഈ കേസിലും വേണമെന്നാണ് പരാതിക്കാര്‍ പറയുന്നത്.