മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ കൊറോണ രോഗികളെ പരിചരിച്ച നാലു മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ ഇവരുമായി ഇടപഴകിയ സഹപ്രവര്‍ത്തകരെ ക്വാറന്റൈനില്‍ താമസിപ്പിക്കാനോ ആശുപത്രി അടച്ചിടാനോ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നഴ്‌സുമാര്‍ ആരോപിച്ചു. കൊറോണയെ തുടര്‍ന്ന് മൂന്നു പേര്‍ ഈ ആശുപത്രിയില്‍ മരിച്ചിരുന്നു. ഇവരെ പരിചരിച്ച നാലു മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ ഒമ്പതോളം ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് രോഗം ബാധിച്ചിട്ടും നിരുത്തരവാദപരമായാണ് ആശുപത്രി അധികാരികള്‍ പെരുമാറുന്നതെന്ന് നഴ്‌സുമാര്‍ കുറ്റപ്പെടുത്തുന്നു.
ജീവനക്കാര്‍ കുറഞ്ഞതിനു പിന്നാലെ വിശ്രമം നല്‍കാതെ നഴ്‌സുമാരെ കൊണ്ട് തുടര്‍ച്ചയായി ജോലി ചെയ്യിപ്പിക്കുകയാണ്. നഴ്‌സുമാര്‍ക്ക് ഭക്ഷണം കഴിക്കാനോ കൊറോണ വാര്‍ഡില്‍ കൈ കഴുകാന്‍ പോലുമുള്ള സൗകര്യം ആശുപത്രി അധികൃതര്‍ ഒരുക്കുന്നില്ല. സഹപ്രവര്‍ത്തകരായ നഴ്‌സുമാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനും ആശുപത്രി അധികൃതര്‍ തയ്യാറാക്കുന്നില്ല. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത പലര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ മറ്റുള്ളവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്ന് നഴ്‌സുമാര്‍ ആവശ്യപ്പെടുന്നു.
നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ അഞ്ച് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്നും നഴ്‌സുമാര്‍ ആരോപിക്കുന്നു. അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയ ആശുപത്രികളിലൊന്നിലെ മലയാളി നഴ്‌സുമാരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയം മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും കേരള മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര നഴ്‌സിങ് അസോസിയേഷന്‍ പ്രതിനിധി പ്രതികരിച്ചു.