കോട്ടയം : കോട്ടയത്തെ സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനമായ എസ്എംഇയിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും ആരോഗ്യ സര്‍വകലാശാല കവാടത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. 271 നഴ്‌സിംഗ് പാരാമെഡിക്കല്‍ സീറ്റുകള്‍ വെട്ടി കുറച്ചതോടെ പ്രതിസന്ധിയിലാണ് സ്ഥാപനം. സ്വകാര്യ സ്വാശ്രയ കോളജുകളെ സഹായിക്കാനാണിതെന്നാണ് ആക്ഷേപം. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്നതിന്റെ നിബന്ധനകളില്‍ മാറ്റം വന്നതോടെ പല കോഴ്‌സുകളുടെയും അംഗീകാരം നഷ്ടമാകും. ഇത്തവണ നേഴ്‌സിംഗ് പാരാമെഡിക്കല്‍ സീറ്റുകള്‍ വെട്ടികുറക്കുകയും ചെയ്തു. ഇതോടെ സ്ഥാപനത്തിന്റെ വിശ്വസ്ഥത ചോദ്യം ചെയ്യപെടുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. എസ്എംഇയെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നാണ് ആക്ഷേപം. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.
മഹാത്മാഗാന്ധി സര്‍വകലാശാല 1993ല്‍ സ്വാശ്രയ മേഖലയില്‍ ആരംഭിച്ച സ്ഥാപനമാണ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍. ആരോഗ്യ സര്‍വകലാശാല നിലവില്‍ വന്നതോടെ ആരോഗ്യ മേഖലയിലെ കോഴ്‌സുകള്‍ സര്‍വകലാശാലയുടെ കീഴിലായി. ഇതോടെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായ സി പാസ് എന്ന സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയുടെ കീഴിലേക്ക് മാറ്റി. മറ്റ് സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഇളവുകള്‍ പോലും ആരോഗ്യ സര്‍വകലാശാല സി പാസിന് നല്‍കുന്നില്ല എന്നതാണ് ജീവനക്കാരുടെ പരാതി. 20 വര്‍ഷത്തിലധികം സര്‍വീസ് ഉള്ളവരുടെ ജോലി പോലും നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.