തിരുവല്ല : തിരുവല്ല, മല്ലപ്പള്ളി താലൂക്കിന്‍റെ പലഭാഗങ്ങളിലും 6 മാസമായി മയിലിനെ കാണുന്നതില്‍ ആശങ്ക അറിയിച്ച് ഗവേഷകർ. കേരളത്തിലെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇവ എത്താൻ കാരണമെന്ന് ഈ മേഖലയിലെ വിദഗ്ധർ പ്രതികരിക്കുന്നു. താരതമ്യേന ചൂട് കൂടിയ വരണ്ട പ്രദേശങ്ങളിലാണു മയിലിനെ കാണുക. പശ്ചിമഘട്ടത്തിന്‍റെ ശോഷണം മൂലം തമിഴകത്തെ വരണ്ട കാറ്റ് കടന്നു വരുന്നതോടെ കേരളം മയിലിന്‍റെ ആവാസ സ്ഥാനമായി മാറി.
പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി തുടങ്ങിയ വനമേഖലകളിൽ മയിൽ വ്യാപകമാണ്. വേനൽ സീസണിൽ എത്തിയ ഇവ കാലവർഷത്തോടെ സാധാരണ നിലയിൽ കാട്ടിലേക്കു മടങ്ങാറാണു പതിവ്. എന്നാൽ മഴയെത്തിയിട്ടും നാട്ടിൻ പുറങ്ങളിൽ മയിലുകളുടെ സാന്നിധ്യം പക്ഷി നിരീക്ഷകരിലും ചർച്ചയാകുകയാണ്. കാട്ടിൽ കുറ്റിക്കാടുകൾ കുറയുകയും നാട്ടിൽ ഇത് കൂടുകയും ചെയ്തത് കുറ്റിക്കാടുകളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്ന മയിലുകളെ നാട്ടിലെത്തിച്ചതിൽ പ്രധാന ഘടകമെന്നാണ് ഗവേഷകര്‍ പറയുന്നത്.