ഒഡീഷ: ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മൂന്ന് റെയില്‍വേ ജീവനക്കാരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) അറസ്റ്റ് ചെയ്തു. അരുണ്‍ കുമാര്‍ മഹന്ത ( സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍), എംഡി അമീര്‍ ഖാന്‍ (ജൂനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍), പപ്പു കുമാര്‍ (ടെക്‌നീഷ്യന്‍) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 304 പ്രകാരം കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂര്‍വമായ നരഹത്യ ചുമത്തി. കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിച്ചതിന് മൂന്ന് പ്രതികള്‍ക്കെതിരെയും ഐപിസി സെക്ഷന്‍ 201 പ്രകാരവും സിബിഐ കുറ്റം ചുമത്തിയിട്ടുണ്ട്.
ജൂണ്‍ 2 നാണ് ഒഡിഷ ട്രെയിന്‍ അപകടം നടന്നത്. രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 278 പേര്‍ കൊല്ലപ്പെടുകയും 1,100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജൂണ്‍ ആറിന് ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടത്തിന്റെ അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സി ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു.