തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എണ്ണക്കപ്പലിന് തീപിടിച്ചതിനെത്തുടര്‍ന്ന് കേരള തീരത്തും അതീവ ജാഗ്രത. കപ്പലില്‍ നിന്ന് എണ്ണച്ചോര്‍ച്ച ഉണ്ടായാല്‍ കേരള തീരത്ത് അപകട സാധ്യതയുണ്ടോ എന്നറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ ദേശീയ സമുദ്രഗവേഷണ കേന്ദ്രത്തിന്റെ (ഇന്‍കോയിസ്) സഹായംതേടി. മുന്‍കരുതല്‍ നടപടികള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദേശം നല്‍കി.
കപ്പലില്‍ നിന്ന് എണ്ണച്ചോര്‍ച്ചയുണ്ടായാല്‍ ഒഴുക്കിന്റെയും കാറ്റിന്റെയും ഗതിക്കനുസരിച്ച് അധികം വൈകാതെ തന്നെ കേരള തീരംവരെ എത്തും. 600 കിലോമീറ്ററോളം കടല്‍ത്തീരമുള്ളതിനാല്‍ കേരളത്തെയാകെ ഇത് ബാധിക്കും. മത്സ്യ സമ്പത്ത്, പരിസ്ഥിതി എന്നിവയ്ക്കായിരിക്കും നാശം സംഭവിക്കുക. വന്‍തോതിലുള്ള എണ്ണച്ചോര്‍ച്ച പ്രതിരോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളൊന്നുമില്ല.