കുമ്പഴ : വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ (OIOP) മലയാലപ്പുഴ യൂണിറ്റിന്റെ നേത്രുത്വത്തില്‍ ഭാരതത്തിന്റെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി കൊണ്ടാടി. രാവിലെ എട്ടുമണിക്ക് ശങ്കരത്തില്‍ പടിയില്‍ യോഹന്നാൻ ശങ്കരത്തിൽ ദേശീക പതാക ഉയർത്തി. ഇന്ത്യക്ക് വിദേശ മേല്‍ക്കോയ്മയില്‍ നിന്ന് മാത്രമേ സ്വാതന്ത്ര്യം ലഭിച്ചിട്ടുള്ളൂവെന്നും യഥാര്‍ഥ സ്വാതന്ത്ര്യം നമുക്ക് നേടിയെടുക്കുവാനുണ്ടെന്നും യോഹന്നാന്‍ ശങ്കരത്തില്‍ പറഞ്ഞു.
രാജ്യം അടിമുടി അഴിമതിയിലാണ്. അതിന്റെ തുടര്‍ച്ച കേരളത്തിലുമുണ്ട്. ജനങ്ങളില്‍ നിന്നും പിടിച്ചു വാങ്ങുന്ന നികുതിയുടെ സിംഹഭാഗവും തിന്നുകൊഴുക്കുന്നത് ഉദ്യോഗസ്ഥവൃന്തമാണ്. ജോലിയില്‍ നിന്ന് വിരമിച്ചാലും സകല ആനുകൂല്യങ്ങളും ഇവര്‍ക്കുണ്ട്. എന്നാല്‍ പകലന്തിയോളം പണിയെടുക്കുന്ന സാധാരണ ജനങ്ങള്‍ ഇന്നും പടിക്ക് പുറത്താണ്. ആഡംബരത്തിന്റെയും സുഖലോലുപതയുടെയും പട്ടുമെത്തയില്‍ കിടക്കുവാന്‍ ന്യൂനപക്ഷവും ഇവര്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കുവാന്‍ ഭൂരിപക്ഷവും എന്നതാണ് സ്ഥിതി. ശരിയായി പറഞ്ഞാല്‍ അടിമത്വ വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇതിനെതിരെയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന ആശയവുമായി ജനങ്ങള്‍ പൊരുതുന്നത്. കൂടുതല്‍ ജനങ്ങള്‍ ഇതില്‍ പങ്കാളികളായി ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ട സമയം അതിക്രമിച്ചുവെന്നും യോഹന്നാന്‍ ശങ്കരത്തില്‍ പറഞ്ഞു.
ചടങ്ങില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കണ്‍വീനര്‍ ലയ അലക്സ് അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് മെമ്പർ എലിസബേത്ത് രാജു , ഗ്രാമ പഞ്ചായത്ത് മെമ്പർ ബെന്നി ഈട്ടിമൂട്ടിൽ, പി.എസ് എബ്രഹാം പേരങ്ങാട്ട് , സി.ഡി. ജോൺ ശങ്കരത്തിൽ, സി.എം. സാമുവേൽ കടമ്പാട്ടു രാജ്ഭവൻ, ബോബി ജോൺ ശങ്കരത്തിൽ, രാജൻ സക്കറിയ ശങ്കരത്തിൽ, തുടങ്ങിയവർ പങ്കെടുത്തു.