കർണാടക : കൊവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിന് ഓല കാബ്സ് തങ്ങളുടെ 500 വാഹനങ്ങൾ വാഗ്ദാനം ചെയ്തു. കർണാടക ഉപമുഖ്യമന്ത്രി ഡോ. സി.എൻ അശ്വന്ത് നാരായൺ തന്റെ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്.
ഓലയുടെ സേവനങ്ങൾ ബാംഗ്ലൂർ, മൈസൂർ, മംഗലാപുരം, ഹുബ്ലി-ധാർവാഡ്, ബെലഗാവി എന്നീ ജില്ലകളിൽ ലഭ്യമാകും. കൂടാതെ ആവശ്യാനുസരണം ഈ പ്രദേശങ്ങളിൽ ക്യാബുകളെ വിന്യസിക്കാൻ സർക്കാരിന് കഴിയും. മരുന്നുകളും മറ്റ് അവശ്യ ആരോഗ്യ ഉപകരണങ്ങൾ എന്നിവ എത്തിക്കുന്നതിനും, ആരോഗ്യ പ്രവർത്തകർക്ക് യാത്ര ചെയ്യുന്നതിനും ക്യാബുകൾ ഉപയോഗിക്കും. അടിയന്തിര സാഹചര്യങ്ങളിലും ഇവയുടെ സേവനം ലഭ്യമാകും.
കൊവിഡ് -19 ബാധിച്ചാൽ ഡ്രൈവർമാർക്കും അവരുടെ കുടുംബങ്ങൾക്കും 30,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. കൂടാതെ, ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ ജോലിയില്ലാതെയിരിക്കുന്ന ഡ്രൈവർമാർക്കായി ഒരു ഫണ്ടും കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഡ്രൈവർമാരിൽ നിന്ന് ദിവസേനയുള്ള വാടക സ്വീകരിക്കുന്നത് താൽകാലികമായി കമ്പനി നിർത്തി വെച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.